
ന്യൂഡൽഹി: ഇൻഷ്വറൻസ് മേഖലയിൽ 100 % നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. ബിൽ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.നിലവിലെ 74% നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. 74% വിദേശ നിക്ഷേപം വഴി 82,000 കോടി രൂപയാണ് വന്നത്.
പോളിസി ഉടമകളുടെ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും വർദ്ധിപ്പിക്കാനും ഇൻഷ്വറൻസ് വിപണിയിൽ മത്സരം പ്രോത്‌സാഹിപ്പിക്കാനും നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യും. 1938 ലെ ഇൻഷ്വറൻസ് നിയമം, 1956 ലെ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ നിയമം, 1999 ലെ ഇൻഷ്വറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി നിയമം എന്നിവ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ശാഖ വിപുലീകരണം, നിയമനം തുടങ്ങിയ തീരുമാനങ്ങൾ എടുക്കാൻ എൽ.ഐ.സി ബോർഡിന് അധികാരം നൽകും.
ഇൻഷ്വറൻസ് മേഖലയുടെ വളർച്ചയും വികസനവും ത്വരിതപ്പെടുത്തുന്നതിനും ബിസിനസ് വർദ്ധിപ്പിക്കാനും 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം സഹായിക്കുമെന്നാണ് സർക്കാർ വാദം.
സാമ്പത്തിക സ്ഥിരതയും മത്സരശേഷിയും വർദ്ധിപ്പിക്കാൻ ഓറിയന്റൽ ഇൻഷ്വറൻസ്, നാഷണൽ ഇൻഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് എന്നിവയെ ലയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |