
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യം പകർത്തിയ കേസിന്റെ വിധിക്കുമുമ്പ് അത് എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയും ആരോപണങ്ങൾ ഉന്നയിച്ചും ജഡ്ജിമാർക്കടക്കം ഊമക്കത്ത് അയച്ചത് എറണാകുളം പള്ളിമുക്കിലെ പോസ്റ്റ്ഓഫീസിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. മാസ്‌ക് ധരിച്ചെത്തിയ ഒരാളാണ് ഡിസംബർ മൂന്നിന് വൈകിട്ട് മൂന്നിനുശേഷം ഊമക്കത്ത് അയച്ചത്. സ്പീഡ് പോസ്റ്റായി 33കത്തുകൾ പോസ്റ്റുചെയ്തു. ഇയാളുടെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. കത്തിന് പിന്നിൽ ദുരുദ്ദേശ്യം ഉണ്ടോയെന്നത് അന്വേഷണ പരിധിയിലുണ്ട്.
നടപടികൾ പൂർത്തിയാകുംമുമ്പ് പോസ്റ്റ്ഓഫീസിൽനിന്ന് മടങ്ങുന്നതാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സി.സി ടിവി ദൃശ്യത്തിലുള്ളത്. പലർക്കും കത്തിന്റെ പുറത്ത് ഫ്രം അഡ്രസായി 'രാംകുമാർ' എന്ന പേരായിരുന്നു. കത്തിൽ ഇന്ത്യൻ പൗരൻ എന്നാണ് ഉണ്ടായിരുന്നത്.
ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി തനിക്ക് ലഭിച്ച ഊമക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെയാണ് പുറംലോകം അറിഞ്ഞതും പൊലീസ് രഹസ്യാന്വേഷണം തുടങ്ങിയതും. ഡിസംബർ ആറിനാണ് ഷേണായിക്ക് കത്ത് ലഭിച്ചത്. ആദ്യ ആറുപ്രതികൾ കുറ്റക്കാരാണെന്നും ഏഴാംപ്രതി ചാർളി തോമസിനെയും എട്ടാംപ്രതി ദിലീപ് അടക്കമുള്ള മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. ഊമക്കത്ത് പ്രചരിച്ചതിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ഹൈക്കോടതിയും പരിശോധന നടത്തിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |