കൊച്ചി: വികസനവും ക്ഷേമ പെൻഷനും ഉൾപ്പെടെ പ്രചരണായുധമാക്കിയിട്ടും ജില്ലയിലെ യു.ഡി.എഫ് ആധിപത്യത്തിന് ചെറു വെല്ലുവിളി പോലും ഉയർത്താൻ ഇടതുപക്ഷത്തിനായില്ല. എറണാകുളം കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തലങ്ങളിലുമെല്ലാം എൽ.ഡി.എഫിനെ കാതങ്ങൾ പിന്നിലാക്കിയാണ് യു.ഡി.എഫിന്റെ കുതിച്ചുകയറ്റും.
കോർപ്പറേഷൻ
.................................
സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ കൊച്ചി കോർപ്പറേഷനിൽ യു.ഡി.എഫിന്റെ ഉജ്ജ്വല തിരിച്ചുവരവ്. 76 ഡിവിഷനുകളിൽ 47ഉം യു.ഡി.എഫ് നേടി. 2020ൽ 34 ഡിവിഷനുകൾ നേടിയ ഇടത് പക്ഷം ഇത്തവണ 22ൽ ഒതുങ്ങി. ബി.ജെ.പി അഞ്ചിൽ നിന്ന് ആറിലേക്ക് അംഗ സംഖ്യ ഉയർത്തി. ഒരു സീറ്റിൽ കോൺഗ്രസ് വിമതനും വിജയിച്ചു.
പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ പരാജയം മാത്രമാണ് കോർപ്പറേഷനിൽ യു.ഡി.എഫിന് ക്ഷീണമായത്.
ജില്ലാ പഞ്ചായത്ത്
......................................
ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 28 ഡിവിഷനിൽ മൂന്നെണ്ണം ഒഴികെ 25 ഇടത്തും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ തവണ 27ൽ 16എണ്ണം യു.ഡി.എഫ് നേടിയപ്പോൾ ഏഴെണ്ണമായിരുന്നു എൽ.ഡി.എഫിനുണ്ടായിരുന്നത്. കഴിഞ്ഞ തവണ നാല് സ്വതന്ത്രർ വിജയിച്ചിരുന്നെങ്കിൽ ഇത്തവണത്തെ പട്ടികയിൽ സ്വതന്ത്രരേ ഇല്ല.
നഗരസഭ
......................
13 നഗരസഭകളിൽ ഒന്നിൽ പോലും ഇടതുപക്ഷം പച്ച തൊട്ടില്ല. 13ൽ 12ഉും യു.ഡി.എഫ് കുതിച്ചുകയറിയപ്പോൾ തൃപ്പൂണിത്തുറയിൽ വലിയ ഒറ്റ കക്ഷിയായി എൻ.ഡി.എ കരുത്തുകാട്ടി. കഴിഞ്ഞതവണ കൈവശമുണ്ടായിരുന്ന കൂത്താട്ടുകുളവും തൃപ്പൂണിത്തുയും നഷ്ടപ്പെട്ടത് ഇടതിന് കനത്ത തിരിച്ചടിയായി.
ബ്ലോക്ക് പഞ്ചായത്ത്
......................................
ബ്ലോക്ക് പഞ്ചായത്തുകളിൽ വൈപ്പിനിൽ മാത്രമാണ് എൽ.ഡി.എഫിനു ഭൂരിപക്ഷം. യു.ഡി.എഫ് മറ്റ് 12 ഇടത്തും വിജയിച്ചു. ഒരിടത്ത് തുല്യം. പറവൂർ ഡിവിഷനിലും വൈപ്പിനിലും മാത്രമാണ് അഞ്ചോ അതിൽ കൂടുതലോ സീറ്റ് എൽ.ഡി.എഫിന് കിട്ടിയത്. അങ്കമാലി, മൂവാറ്റുപുഴ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതിന് ഒരു സീറ്റ് പോലും നേടാനായില്ലെന്ന നാണക്കേടുമുണ്ട്. വടവുകോട്ട് രണ്ടു മുന്നണികളും അഞ്ചുവീതം സീറ്റുകൾ നേടി. നാലു സീറ്റുകളിൽ ട്വന്റി 20യാണ് വിജയിച്ചത്.
ഗ്രാമ പഞ്ചായത്ത്
.......................................
82 ഗ്രാമ പഞ്ചായത്തുകളിൽ 67ഇടത്ത് യു.ഡി.എഫും ഏഴിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് ട്വന്റി-20യും അഞ്ചിടത്ത് സമനിലയുമാണ്. കഴിഞ്ഞ തവണ 21 ഗ്രാമ പഞ്ചായത്തുകളിൽ ഇടതിന് ഭരണമുണ്ടായിരുന്നു. തിരുവാണിയൂരും, ഐക്കരനാടും, മഴുവന്നൂരുമാണ് ട്വന്റി-ട്വന്റി നേടിയ പഞ്ചായത്തുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |