
നടപ്പുവർഷം ലോകത്തിൽ ഏറ്റവുമധികം ഇടിവുണ്ടായ കറൻസി സിംബാബ്‌വേ ഡോളറാണ്. ഏകദേശം 90 ശതമാനത്തിലധികമാണ് മൂല്യത്തകർച്ച. ഏഷ്യൻ രാജ്യങ്ങളിൽ മൂല്യയിടിവിൽ ഇന്ത്യൻ രൂപയാണ് മുന്നിൽ. യുദ്ധങ്ങളും യുദ്ധ സമാന സാഹചര്യങ്ങളും ലോകമൊട്ടാകെ ഉത്പാദന, ഉപഭോഗ നിരക്കിൽ ഇടിവ് സൃഷ്‌ടിച്ചിട്ടും ഇന്ത്യ സ്ഥിരതയോടെ വളരുന്നതും രൂപയ്ക്ക് നേട്ടമാകുന്നില്ല. കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ ലഭ്യമായതും കേന്ദ്ര സർക്കാരിന്റെ അനുകൂല നടപടികളും പലിശയിളവും ആഭ്യന്തര ഉത്‌പാദനവും ഉപഭോഗവും മെച്ചപ്പെടുത്തുന്നത്. എന്നാൽ ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 90ലേക്ക് മൂക്കുകുത്തിയത് സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ പിന്മാറ്റം, റിസർവ് ബാങ്കിന്റെ വിപണി ഇടപെടലിലെ വിമുഖത, ആഗോള തലത്തിൽ ഡോളറിന്റെ കരുത്ത് എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്. 1947ൽ ഡോളറിനെതിരെ 3.30ൽ ആയിരുന്നു രൂപയുടെ മൂല്യം. 1966ൽ 7.50 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ 20 വർഷത്തിനിടെ രൂപ 45ൽ നിന്ന് 80- 90 രൂപ റേഞ്ചിലേക്ക് കൂപ്പുകുത്തി. നടപ്പുവർഷം മാത്രം മൂല്യത്തിൽ അഞ്ച് ശതമാനം ഇടിവുണ്ട്. ഇതോടെ ക്രൂഡോയിൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, സ്വർണം തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് കൂടാനും ഡോളറിന്റെ കരുതൽ ശേഖരം കുറയാനും വ്യാപാര കമ്മി റെക്കാഡ് ഉയരത്തിലെത്താനും ഇടയായി. ആഗോള മേഖലയിൽ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുന്നതും ഡോളറിന് കരുത്തായി.
രൂപയുടെ തകർച്ച വെല്ലുവിളിയാകുമോ?
രൂപയുടെ മൂല്യയിടിവ് സാമ്പത്തിക വളർച്ചയെ ബാധിക്കുമോയെന്ന സംശയം ശക്തമാണ്. രൂപയിലെ സമ്മർദ്ദം മൊത്തം ഇറക്കുമതിച്ചെലവ് ഉയർത്താനും വ്യാപാരകമ്മി കൂടാനും കാരണമാകും. വിദേശ വിദ്യാഭ്യാസം, യാത്രകൾ എന്നിവയ്ക്കും ചെലവേറും.
മൂല്യത്തകർച്ച നേട്ടമാകുന്നവർ
രൂപയുടെ ദൗർബല്യം നേട്ടമാകുന്നവരും ഏറെയാണ്. രൂപയുടെ മൂല്യശോഷണം കയറ്റുമതിക്കാരുടെ ഡോളർ വരുമാനം ഉയർത്താനും രാജ്യാന്തര തലത്തിൽ മത്സരക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ കയറ്റുമതിയെക്കാൾ ഇറക്കുമതി കൂടുതലായതിനാൽ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാണിത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യയ്ക്കാർക്കും നാട്ടിലേക്ക് പണമയക്കുമ്പോൾ ഇതിലൂടെ മികച്ച ലാഭം നേടാനാകും.
അമേരിക്കൻ വ്യാപാര കരാറിൽ പ്രതീക്ഷ
അമേരിക്കയുമായി വ്യക്തവും സുരക്ഷിതവുമായ വ്യാപാരക്കരാർ ഒപ്പുവച്ചാൽ ഇന്ത്യൻ സാമ്പത്തിക മേഖല ശക്തിയാർജിക്കുമെന്നും അതിലൂടെ രൂപ ശക്തിപ്പെടുമെന്നും വിലയിരുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടില്ലെങ്കിൽ രൂപ ഇനിയും താഴേക്ക് പോയേക്കും.
( ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |