
പുതിയ ബിസിനസ് പ്രീമിയത്തിൽ 23% വർദ്ധന
കൊച്ചി: രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് വിപണി കരുത്തോടെ മുന്നേറുന്നു. നവംബറിൽ ലൈഫ് ഇൻഷ്വറൻസ് രംഗത്തെ പുതിയ പ്രീമിയം ബിസിനസ് 21 ശതമാനം വർദ്ധനയോടെ 31,119.6 കോടി രൂപയിലെത്തി. തുടർച്ചയായ മൂന്നാം മാസമാണ് ഇൻഷ്വറൻസ് രംഗം രണ്ടക്ക വളർച്ച നേടുന്നത്. വ്യക്തിഗത, ഗ്രൂപ്പ് ഇൻഷ്വറൻസുകളിലും വ്യക്തിഗതയേര നോൺ സിംഗിൾ പോളിസികളിലും മികച്ച മുന്നേറ്റം നടത്താൻ ഇക്കാലയളവിൽ കഴിഞ്ഞു. ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെ പ്രീമിയത്തിന്റെ ചരക്കു സേവന നികുതി(ജി.എസ്.ടി) സെപ്തംബറിൽ പൂർണമായും ഒഴിവാക്കിയതാണ് മികച്ച പ്രകടത്തിന് സഹായിച്ചത്.
വ്യക്തിഗത, ഗ്രൂപ്പ് ഇൻഷ്വറൻസ് രംഗത്ത് അസാധാരണ വളർച്ചയുമായി പൊതു മേഖല സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ്(എൽ.ഐ.സി) മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. സ്വകാര്യ കമ്പനികളും രണ്ടക്ക വളർച്ച നിലനിറുത്തി. നടപ്പു സാമ്പത്തിക വർഷം ആദ്യ വർഷ പ്രീമിയത്തിൽ സുസ്ഥിര വളർച്ചയാണ് നേടുന്നതെന്ന് കെയർഎഡ്‌ജ് റേറ്റിംഗ്‌സിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഓഹരി വിപണിയിലെ മുന്നേറ്റത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾ രംഗത്തെത്തിയതോടെ സിംഗിൾ പ്രീമിയം ബിസിനസിൽ 29.4 ശതമാനം വളർച്ചയുണ്ടായി.
വിദേശ നിക്ഷേപ ഒഴുക്ക് കൂടും
രാജ്യത്തെ ഇൻഷ്വറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നൂറ് ശതമാനമായി ഉയർത്തിയതോടെ വിപണിയിൽ വിപ്ളവകരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. വിദേശ കമ്പനികൾ ആകർഷിക്കുന്നതിനൊപ്പം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഇൻഷ്വറൻസ് സേവനങ്ങളുടെ നിലവാരം ഉയർത്താനും സഹായിക്കും. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും വിപണന ശൃംഖല വിപുലപ്പെടുത്തുന്നതിനും ആവശ്യമായ നിക്ഷേപം കണ്ടെത്താൻ കമ്പനികൾക്ക് കഴിയും.
നവംബറിലെ പ്രീമിയം വളർച്ച
കമ്പനി വളർച്ചാ നിരക്ക്
എൽ.ഐ.സി 22.9 ശതമാനം
എസ്.ബി.ഐ ലൈഫ് 32.7 ശതമാനം
ആക്‌സിസ് മാക്‌സ് ലൈഫ് 22.6 ശതമാനം
എച്ച്.ഡി.എഫ്.സി ലൈഫ് 19.7 ശതമാനം
ഐ.സി.ഐ.സി.ഐ പ്രു 13.1 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |