
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തുമ്പോൾ തിരുവനന്തപുരത്തെ ബി.ജെ.പി മേയർ സ്വീകരിക്കാനുണ്ടാകും. ആ ലക്ഷ്യം യാഥാർത്ഥ്യമാവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് വലിയ മുന്നേറ്റമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേരളകൗമുദിയോടു പറഞ്ഞു. തിരുവനന്തപുരത്ത് ഞങ്ങൾ മാറ്റം കൊണ്ടുവന്നു. ഇനി നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നുണ്ട്. അതിനുവേണ്ടി പ്രവർത്തിക്കും.
ഇതൊരു തുടക്കം മാത്രമാണെന്നും തലസ്ഥാന നഗരത്തിലെ ഭരണം ബി.ജെ.പി.കൈയ്യടക്കിയതിന്റെ ആഹ്ളാദം പ്രകടിപ്പിച്ച് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ യു.ഡി.എഫിനും കോൺഗ്രസിനും വിജയിക്കാനായി എന്നത് വസ്തുതയാണ്. എന്നാൽ യു.ഡി.എഫിന് ഉണ്ടായ വിജയം താത്കാലികമാണ്. ഇടതുമുന്നണി സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ കേരള ടീമിന്റെ വിജയമാണിത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. കേരളത്തിൽ 20% വോട്ട് നേടിയാണ് ബി.ജെ.പി മുന്നേറിയിരിക്കുന്നത്. ബി.ജെ.പി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അതാണ് തെളിയിക്കുന്നത്. വ്യക്തമായ ലക്ഷ്യങ്ങൾ മുൻ നിറുത്തിയാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയം. അത് എല്ലാം പ്രാവർത്തികമാക്കും.
പത്തുകൊല്ലം ഭരിച്ച എൽ.ഡി.എഫിന്റെ പരാജയമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിനുള്ള ജനങ്ങളുടെ മറുപടിയാണിത്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിക്കെതിരെ ജനം വിധിയെഴുതി. അവർ ശബരിമലയിൽ ചെയ്ത ദ്രോഹത്തിന്റെയും അവരുടെ കഴിവില്ലായ്മയുടെയും മറുപടിയാണ് ജനങ്ങൾ തന്നിരിക്കുന്നത്. കോൺഗ്രസിന് ലഭിച്ച ജയം താത്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നതെന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |