തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫ് മികച്ച വിജയം നേടാതിരുന്നതിനെ ചൊല്ലിയുള്ള വിഴുപ്പലക്കൽ ചുറ്റുവട്ടത്ത് മുറുകി. ശബരിമല സ്വർണക്കൊള്ളയുടെ ഫലമായുള്ള അയ്യപ്പ കോപം, ഭരണ വിരുദ്ധ വികാരം, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യു.ഡിഎഫിനെ തുണച്ചതും ഹിന്ദു ഭൂരിപക്ഷ വോട്ടുകൾ ബി.ജെ.പിയിലേക്കു പോയതും തുടങ്ങി പല കാരണങ്ങൾ നിരത്തുന്നുണ്ട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് യു.ഡി.എഫ് നേതാക്കൾ നടത്തിയ ഗൃഹപാഠമായിരുന്നു അവരുടെ വിജയത്തിന് കാരണം. നേതാക്കൾ ഒറ്റക്കെട്ടായി നിന്നാൽ വിജയം യു.ഡി.എഫിനായിരിക്കുമെന്നാണ് ഫലം തെളിയിച്ചത്. റിബലായി മത്സരിക്കാൻ തീരുമാനിച്ച പ്രമുഖരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞത് നേട്ടമായി. സ്ഥാനാർത്ഥികളെ മുകളിൽ നിന്ന് കെട്ടിയിറക്കാതെ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് ജനപിന്തുണയുള്ളവരെ സ്ഥാനാത്ഥികളാക്കി. പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി. അപസ്വരമില്ലാതെ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, പ്രചാരണവും തുടങ്ങി.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ഹാംഗോവറിൽ ആത്മവിശ്വാസം കൂടിയായപ്പോൾ ഇടതു വിരുദ്ധ തരംഗം പ്രതീക്ഷിച്ചില്ല. ജനസമ്മതിയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിലും പിന്നിലായി. വെറ്ററൻ സ്ഥാനാർത്ഥികൾക്കായിരുന്നു കൂടുതൽ പ്രാധാന്യം . ശബരിമല സ്വർണക്കൊള്ള വിശ്വാസികളുടെ മനസിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം മനസിലാക്കാനും കഴിഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനാരോപണം വോട്ടാകുമെന്ന കണക്കുക്കൂട്ടലും പാളി.
താത്വികാവലോകനം നടത്താതെ നേരേ ചൊവ്വേ കാര്യങ്ങൾ പറഞ്ഞാൽ തുടർഭരണത്തിൽ അഭിരമിച്ച് ആനപ്പുറത്തു നിന്നിറങ്ങേണ്ടി വരില്ലെന്നു കരുതി ചില ചോട്ടാ നേതാക്കൾ വരെ കാണിച്ച കൊള്ളതരുതായ്മകൾ. സിൽവർ ലൈൻ സമരം, തുടർക്കഥയായ വന്യമൃഗാക്രമണം, തെരുവ് നായ്ക്കളുടെ കടി , കാർഷിക മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ജനരോഷത്തിന് ഇടയാക്കി. സാധാരണ ജനം വോട്ടിംഗ് യന്ത്രത്തിന് മുന്നിലെത്തിയപ്പോൾ ഇതൊക്കെ വിലയിരുത്തി ആഞ്ഞുകുത്തി. സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളിലും കൂടുതലായി മോശം കാര്യങ്ങൾ വന്നതായിരുന്നു പ്രധാന പരാജയ കാരണം. അതു ഉൾക്കൊണ്ടുള്ള പാഠങ്ങൾ മനസിലാക്കി തെറ്റു തിരുത്തിയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഒഴിവാക്കാം. യു.ഡി.എഫ് കോട്ട തിരിച്ചു പിടിക്കാം. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിച്ച് എല്ലാം പഴയ പടിയായാൽ യു.ഡിഎഫിനെയും കാത്തിരിക്കുന്നത് വൻ പരാജയമായിരിക്കുമെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |