
പാലക്കാട്: പെരിങ്ങോട്ടക്കുറിശ്ശിയിലെ തോൽവിയിൽ സി.പി.എമ്മിനെ പഴിച്ച് എ.വി.ഗോപിനാഥ്. സി.പി.എമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളിൽ ഉൾപ്പെടെ അത് പ്രതിഫലിച്ചു. തോൽവി അപ്രതീക്ഷിതമാണെന്നും എൽ.ഡി.എഫിനൊപ്പം തുടരുമെന്നും പെരിങ്ങോട്ടുകുരിശ്ശിയിൽ ഇടതുമുന്നണി ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം വാർഡായ ബൊമ്മണ്ണിയൂരിൽ 134 വോട്ടുകൾക്കാണ് ഗോപിനാഥ് പരാജയപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ തന്റെ ആദ്യ തോൽവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സഖ്യമുണ്ടാക്കിയെങ്കിലും സി.പി.എം വോട്ട് കിട്ടിയില്ലെന്നും എ വി ഗോവിനാഥ് പറയുന്നു. പ്രാദേശിക പിന്തുണ ലഭിക്കാത്തതിനുള്ള കാരണം സി.പി.എം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരിങ്ങോട്ടുകുറിശ്ശിയിൽ ആകെയുള്ള 18 സീറ്റിൽ എൽ.ഡി.എഫ് - ഐ.ഡി.എഫ് സഖ്യം എട്ട് എണ്ണത്തിലും കോൺഗ്രസ് ഏഴ് സീറ്റിലും ബി.ജെ.പി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റിൽ വിജയിച്ചത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. കേവല ഭൂരിപക്ഷം നേടാത്തതിനാൽ ഭരണം പ്രതിസന്ധിയിലാണ്.
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തിൽ സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തമ്മിലായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ധാരണയിലായത്. ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യമുന്നണി (ഐഡിഎഫ്) രൂപവത്കരിച്ച് 11 സീറ്റിലാണ് മത്സരിച്ചത്. 2009 മുതൽ കോൺഗ്രസ് ജില്ലാ നേതൃത്വവുമായി അകലം പാലിച്ച ഗോപിനാഥ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് നേതൃത്വവുമായി പൂർണമായി ഇടഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |