
തിരുവനന്തപുരം: സ്നേഹമാണ് അടിത്തറ,ആർക്കും ആരേയും സ്നേഹിക്കാം. മനുഷ്യർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ കാർമേഘം മാറി മഴ വരുന്നതുപോലെ മാറും. മഴ മണ്ണിലലിയുമ്പോൾ ചെറുപുഞ്ചിരികൾ വിടരും. ആളുകൾ കൂടുന്നത് മരണത്തിലാണെങ്കിലും ആഘോഷിക്കപ്പെടും. സന്തോഷം കണ്ടെത്തും ചാവ് കല്യാണമായി മാറും...
ഒരു നോവലിലെന്ന പോലെയുള്ള ഈ പ്രസ്താവനയ്ക്കൊടുവിലാണ്'ചാവുകല്യാണം" സിനിമ അവസാനിക്കുന്നത്. ഒരു കുടുംബത്തിലെ കോരപ്പൻ എന്ന കാരണവർ മരിക്കുന്നിടത്ത് സിനിമ തുടങ്ങുന്നു. മരണവീട് കല്യാണവീടു പോലെ ബന്ധുക്കൾ ഒത്തുകൂടി ചിരിയും കളിയുമായി പോകുന്നു. ഇതിനിടെയുള്ള ഭാഗംവയ്പ് പ്രശ്നം, തർക്കം, പ്രണയം, ഒളിച്ചോട്ടം,വെള്ളപ്രശ്നം ഇതൊക്കെ പറഞ്ഞുകൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. ഒരു വേനൽക്കാലത്ത് പഴുത്ത മാവില കൊഴിഞ്ഞ്,ഇളംകാറ്റിലുലഞ്ഞ് മണ്ണിലേക്കു പതുക്കെ വീഴുന്ന ഒരു ദൃശ്യത്തോടെ തുടങ്ങുന്ന സിനിമ മഴക്കാലത്താണ് അവസാനിക്കുന്നത്.
മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന വിഷ്ണു കെ. ബീന സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ ബോറഡി ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ഇടയ്ക്കിടയ്ക്ക് ചിരിക്കാനുള്ള വകയും നൽകുന്നുമുണ്ട്. ഒരു നോവലിലെ കഥ ഡോക്യുമെന്ററിയാക്കുന്ന രീതിയിലാണ് കഥ പറയുന്നത്. സാഹിത്യകാരൻ സുഭാഷ് ചന്ദ്രന്റെ വിവരണവും ഇടയ്ക്കിടെ കടന്നുവരുന്നു. വിഷ്ണുവിന്റെ സുഹൃത്ത് ശ്രീഹരി രാധാകൃഷ്ണനാണ് ഛായാഗ്രഹണം. ഹൃദ്യ രവീന്ദ്രനാണ് സിങ്ക് സൗണ്ട് ഒരുക്കിയത്. നിതിൻ ജോർജാണ് ശബ്ദ സംവിധാനം.
സിനിമാക്കാരനാകാൻ പട്ടാളം വിട്ടു
സിനിമാക്കാരനാകൻ പട്ടാളത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ചെറുപ്പക്കാരൻ. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി, കോഴിക്കോട് മായനാട് ഗ്രാമത്തിലെ യു.പി സ്‌കൂളിലെ അദ്ധ്യാപകനായി. സംവിധാനം പഠിക്കാനായി അസിസ്റ്റന്റ് സംവിധായകനാകാൻ ശ്രമിച്ചു. നടന്നില്ല. ഒടുവിൽ സ്വന്തം നിലയ്ക്ക് സിനിമയെടുക്കാൻ കൊതിച്ചപ്പോൾ ബന്ധുക്കളും കൂട്ടുകാരും ഒപ്പം നിന്നു. അങ്ങനെയാണ് എലത്തൂർ ചെട്ടികുളം പാലാട്ടുവയലിൽ പി.ബാബുവിന്റെയും എ.ബീനയുടെയും മകൻ വിഷ്ണു സംവിധായകനായത്. ആദ്യ സിനിമ ഐ.എഫ്.എഫ്.കെയിലുമെത്തി. വിഷ്ണു സംസാരിക്കുന്നു:
സിനിമയുടെ കഥ കണ്ടെത്തിയത് എങ്ങനെയാണ്?
എന്റെ ഗ്രാമത്തിൽ നിന്നു തന്നെയാണ്. പല മരണവീടുകളിലും കണ്ട
കാഴ്ചകളിൽ നിന്നാണ് സിനിമയുടെ കഥാതന്തു പിറന്നത്. ഞാൻ പോലും ഉണ്ട്.
സിനിമാ നിർമ്മാണം ?
ബാങ്കിൽ നിന്നും വായ്പയെടുത്തു. ബന്ധുക്കളും കൂട്ടുകാരും സഹായിച്ചു.
അഭിനേതാക്കളെ കണ്ടെത്തിയത്?
ഓഡിഷനും പരിശീലനക്കളരിയും നടത്തി. ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 36 പുതുമുഖങ്ങളാണുള്ളത്.
ചേളന്നൂരിന് അടുത്ത് പട്ടർപാലം ഗ്രാമത്തിലായിരുന്നു ചിത്രീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |