
ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമായെങ്കിലും പലയിടങ്ങളിലും ഭരണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. മുന്നണികൾ തുല്യശക്തിയായി നിൽക്കുന്ന
എട്ട് പഞ്ചായത്തിലും ഒരു ബ്ലോക്കിലുമാണ് അനിശ്ചിതത്വമുള്ളത്. ഇവിടെയെല്ലാം സ്വതന്ത്രരെ കൈയിലെടുത്ത് ഭരണം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ അട്ടിമറി സാദ്ധ്യതകളും തള്ളിക്കളയുന്നില്ല.
ചേന്നംപള്ളിപ്പുറം, തകഴി എന്നിവിടങ്ങളിൽ യു.ഡി.എഫും എൻ.ഡി.എയുമാണ് തുല്യതയിൽ നിൽക്കുന്നതെങ്കിൽ ചേപ്പാട്, ചെറിയനാട്, കരുവാറ്റ, മാവേലിക്കര- താമരക്കുളം, പാലമേൽ, വള്ളികുന്നം എന്നീ പഞ്ചായത്തുകളിലും വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫും എൽ.ഡി.എഫുമാണ് ഒപ്പത്തിനൊപ്പം നിൽക്കുന്നത്.
കഴിഞ്ഞതവണ തിരുവൻവണ്ടൂരിൽ നടന്നതുപോലെ അട്ടിമറി ഭരണം ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ബി.ജെ.പി അധികാരത്തിലേറാതിരിക്കാൻ ഇടത്-വലത് ധാരണയിൽ സ്വതന്ത്രനെയാണ് അന്ന് പ്രസിഡന്റാക്കിയത്.
പിന്തുണയില്ലെങ്കിൽ നറുക്ക്
ഭരണം പിടിക്കാൻ സ്വതന്ത്രർ കനിയണമെന്ന അവസ്ഥയിലെത്തിയതോടെ അവരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങൾ മുന്നണികൾ ശക്തമാക്കിയിട്ടുണ്ട്. ആരും പിന്തുണച്ചില്ലെങ്കിൽ നറുക്കിടേണ്ടിവരും. കഴിഞ്ഞതവണ ചമ്പക്കുളം ബ്ലോക്കിൽ നറുക്കിട്ടാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 13 അംഗ ബ്ലോക്കിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറുവീതവും എൻ.ഡി.എയ്ക്ക് ഒന്നുമാണ് സീറ്രുകൾ ഉണ്ടായിരുന്നത്. എന്നാൽ, എൻ.ഡി.എ അംഗം ആരെയും പിന്തുണയ്ക്കാത്തതിനാൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും എൽ.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു.
ബി.ജെ.പിയും എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് സഖ്യം ഉണ്ടാവില്ല. സ്വതന്ത്രരുടെ പിന്തുണ തേടും. കൂടുതൽ കാര്യങ്ങൾ കെ.പി.സി.സി തീരുമാനിക്കും
-ബി. ബാബു പ്രസാദ്, ഡി.സി.സി പ്രസിഡന്റ്
എല്ലാ പഞ്ചായത്തുകളിലും അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കും. അംഗങ്ങൾ പിന്തുണച്ചാൽ ഭരണം പിടിക്കും. ജില്ലയിൽ സീറ്രുകൾ നഷ്ടപ്പെടാനുള്ള കാരണം പരിശോധിക്കും
-ആർ. നാസർ, സി.പി.എം ജില്ലാ സെക്രട്ടറി
തുല്യരായി വന്നിടത്ത് സ്വതന്ത്രർ കുറവാണ്. എന്നാലും കഴിഞ്ഞതവണ തിരുവൻവണ്ടൂരിലുണ്ടായത് മുന്നിൽക്കണ്ടുള്ള ആലോചനകൾ നടക്കുകയാണ്
-സന്ദീപ് വാചസ്പതി, ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |