
ആലപ്പുഴ: കേവല ഭൂരിപക്ഷമില്ലെങ്കിലും ഭരണം ഉറപ്പാക്കിയ ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവം. വനിതാ സംവരണമായ അദ്ധ്യക്ഷ പദവിയിലേക്ക് പാലസ് വാർഡിൽ നിന്ന് വിജയിച്ച സീനിയർ അംഗം ഷോളി.സി.എസിന്റെ പേരാണ് മുൻഗണനയിലുള്ളത്. നിലവിൽ കോൺഗ്രസ് മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നതും രണ്ട് തവണ നഗരസഭാംഗമായിരുന്നതും പരിഗണനാഘടകങ്ങളാണ്. മറ്റൊരു മുതിർന്ന അംഗം ബീച്ച് വാർഡിൽ നിന്ന് വിജയിച്ച മോളി ജേക്കബിന്റെയും തിരുവമ്പാടിയിൽ നിന്ന് വിജയിച്ച ജ്യോതിമോളുടെയും പേരുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മോളി ജേക്കബ് മുമ്പ് നഗരസഭാ അദ്ധ്യക്ഷയായും, ജ്യോതിമോൾ ഉപാദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. യു.ഡി.എഫ് 23, എൽ.ഡി.എഫ് 22, എൻ.ഡി.എ അഞ്ച്, മറ്റുള്ളവർ മൂന്ന് എന്നിങ്ങനെയാണ് ആലപ്പുഴ നഗരസഭയിലെ കക്ഷി നില.
ഒരു സീറ്റിന്റെ മാത്രം കുറവിൽ നിൽക്കുന്ന ഇടതുമുന്നണിയും ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ അട്ടിമറി നടന്നാൽ അദ്ധ്യക്ഷ പദവി ലഭിക്കുമെന്ന പ്രതീക്ഷ പുലർത്തുന്നുണ്ട്. നഗരസഭാ അദ്ധ്യക്ഷമാരായിരുന്ന കെ.കെ.ജയമ്മ, സൗമ്യരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്ന കവിത തുടങ്ങിയവരിൽ ഒരാളെയാകും മത്സരരംഗത്തിറക്കുക.
ജോസ് ചെല്ലപ്പന്റെ
നിലപാട് നിർണ്ണായകം
അതേസമയം, സ്വതന്ത്രനായി മംഗലം വാർഡിൽ നിന്ന് വിജയിച്ച മുൻ നഗരസഭാംഗം കൂടിയായ ജോസ് ചെല്ലപ്പനെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങൾ ഇടത് - വലത് മുന്നണികൾ ആരംഭിച്ചിട്ടുണ്ട്. ജോസ് ചെല്ലപ്പന് വൈസ് ചെയർമാൻ സ്ഥാനം നൽകി ഒപ്പം കൂട്ടാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ജോസ് ഉപാദ്ധ്യക്ഷനായാൽ സാമുദായിക സമവാക്യം പാലിക്കുന്നതിന്റെ ഭാഗമായി ഇതരമതവിഭാഗത്തിന് അദ്ധ്യക്ഷ പദവി നൽകും. മുസ്ലീം ലീഗ് ഉപാദ്ധ്യക്ഷസ്ഥാനത്തിനായി വാശി പിടിക്കാതെ പൊതുമരാമത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലൊന്നാണ് ആവശ്യപ്പെടുന്നതെന്നാണ് സൂചന. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയുടേതായിരിക്കും അന്തിമ തീരുമാനം.
95ന്റെ തനിയാവർത്തനം
യു.ഡി.എഫ് 19, എൽ.ഡി.എഫ് 17, മറ്റുള്ളവർ 04 എന്നിങ്ങനെയായിരുന്ന 1995ലെ ആലപ്പുഴ നഗരസഭയിലെ തിരഞ്ഞെടുപ്പ് ഫലം. നാല് സ്വതന്ത്രരിൽ മൂന്ന് പേരും കോൺഗ്രസ് വിമതരായിരുന്നു. വിമതരായ ജോസഫ് പാലത്ര, ഇല്ലിക്കൽ കുഞ്ഞുമോൻ, സോണി ജെ.കല്യാൺകുമാർ എന്നിവർ അദ്ധ്യക്ഷന്റെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ തത്തംപള്ളി വാർഡിൽ നിന്നുള്ള സ്വതന്ത്രൻ ജോർജ്ജ് ജോസഫ് യു.ഡി.എഫിന് പിന്തുണ നൽകിയാണ് എ.എ.ഷുക്കൂർ നഗരസഭാദ്ധ്യക്ഷനായത്. സ്വതന്ത്രൻ ജോർജ് ജോസഫിന് ഉപാദ്ധ്യക്ഷ പദവി നൽകുകയും ചെയ്തു. സമാനമാണ് നിലവിലെയും സ്ഥിതി. എന്തായാലും സ്വതന്ത്ര അംഗം ജോസ് ചെല്ലപ്പൻ, എസ്.ഡി.പി.ഐ, പി.ഡി.പി പ്രതിനിധികൾ , അഞ്ച് ബി.ജെ.പി അംഗങ്ങൾ എന്നിവരുടെ നിലപാടുകൾ നിർണായകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |