
മുംബയ് : കഴിഞ്ഞദിവസം കൊൽക്കത്തയിലുണ്ടായ ഉന്തും തള്ളും അടിയും വഴക്കുമൊന്നുമില്ലതെ മുംബയ്‌യിൽ മെസിയുടെ പര്യടനം. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മെസിയും സുവാരേസും ഡി പോളും മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയത്.സ്റ്റേഡിയത്തിലെത്തിയ മെസി പ്രദർശന മത്സരം കളിച്ച താരങ്ങളെ അഭിവാദ്യം ചെയ്ത് ഫോട്ടോയെടുത്തു. മത്സരത്തിൽ പങ്കെടുത്ത മുൻ ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഛെത്രിയ്ക്ക് ഷേയ്ക്ക് ഹാൻഡ് നൽകിയ മെസി സംസാരിക്കുകയും ചെയ്തു. ഗാലറി നിറഞ്ഞിരുന്ന കാണികളെയും അഭിവാദ്യം ചെയ്തു.
കൊൽക്കത്തയിലെ സംഘർശഷങ്ങളെ തുടർന്ന് മെസിക്കൊപ്പം വി.ഐ.പികൾ ആരും ഗ്രൗണ്ടിൽ ഉണ്ടായിരുന്നില്ല. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർ മാത്രം താരത്തെ പിന്തുടർന്നു. ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലെത്തിയ മെസി ഗാലറിയിലെ ആരാധകർക്ക് പന്തുകൾ അടിച്ചുനൽകി. തുടർന്ന് വനിതാ ഫുട്ബാൾ താരങ്ങൾക്കൊപ്പം കുറച്ചു സമയം പന്തുകൾ പാസ് ചെയ്തു. ഈ സമയമത്രയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഗാലറിയിലിരിപ്പുണ്ടായിരുന്നു. പിന്നീട് ഗ്രൗണ്ടിലെത്തിയ സച്ചിൻ താൻ ഒപ്പിട്ട തന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സി മെസിക്ക് സമ്മാനിച്ചു.2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് മെസി സച്ചിന് സമ്മാനിച്ചു.
മുംബയ്‌യിലെത്തിയ മെസ്സി ആദ്യം പോയത് ‘ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ’യിലേക്കാണ്. അവിടെ ബോളിവുഡ് താരങ്ങളും വി.ഐ.പികളും മെസിക്കൊപ്പം ചിത്രങ്ങളെടുത്തു. വൈകിട്ട് സെലിബ്രിറ്റി ഫാഷൻ ഷോയിലും മെസി പങ്കെടുത്തു.
ശതാദ്രുവിന് ജാമ്യമില്ല
കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘാടകൻ ശതാദ്രു
ദ ത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ദത്തയെ 14 ദിവസത്തേക്ക് ബിധാനഗർ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തത് ആരാധകരെ പ്രകോപിതരാക്കിയിരുന്നു.മെസി വേഗം അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു.
ശനിയാഴ്ച വൈകിട്ട് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്ത പരിപാടിയും പ്രശ്നങ്ങളില്ലാതെയാണ് നടന്നത്.
ഇന്ന് ഡൽഹിയിൽ
മെസിയുടെ സന്ദർശന പരിപാടി ഇന്ന് ഡൽഹിയിലാണ്. അവിടെ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ പദ്ധതിയുണ്ട്. വൈകിട്ട് മിനർവ അക്കാഡമി താരങ്ങളെ ആദരിക്കുന്ന പരിപാടിയാണ് മറ്റൊരു പ്രധാന ചടങ്ങ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |