
തിരുവനന്തപുരം: നഗരസഭാ ഭരണത്തിൽ മറ്റുസംസ്ഥാനങ്ങളിലുള്ളതുപോലെ യോജിച്ച് ഇടത്, വലത് മുന്നണികൾ ചേർന്ന് പൊതുസ്വതന്ത്രനെ നിർത്തുന്നതിനുള്ള ആലോചന നടന്നേക്കില്ല. 50 സീറ്റ് നേടിയ ബിജെപിയെ തലസ്ഥാന നഗരസഭ ഭരിക്കുന്നതിൽ നിന്ന് ഒഴിച്ചുനിർത്താൻ എൽഡിഎഫുമായി സഹകരിച്ചാൽ മാസങ്ങൾ അകലെമാത്രം ഉള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകുമെന്നും തീരുമാനം ആത്മഹത്യാപരമാകും എന്ന വിലയിരുത്തലാണ് യുഡിഎഫ് വൃത്തങ്ങൾക്ക്.
മന്ത്രി വി ശിവൻകുട്ടിയടക്കം ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുമെന്ന് കഴിഞ്ഞദിവസം പ്രസ്‌താവിച്ചിരുന്നു. യുഡിഎഫ് തയ്യാറാകാതിരിക്കുന്നതോടെ അവരുമായി സഹകരിച്ച് ഭരണംപിടിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്‌താവന നടത്തിയിരുന്നു.
തലസ്ഥാനത്ത് കോർപറേഷനിൽ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ ചെലവിലാണെന്ന പരിഹാസം തങ്ങൾക്ക് തന്നെ തിരിച്ചടിയായതോടെ, പരാജയകാരണം ഇഴകീറി പരശോധിക്കാനൊരുങ്ങുകയാണ് ജില്ലയിലെ സിപിഎം നേതൃത്വം.
എൽഡിഎഫ് നേതൃത്വവും ഇതേക്കുറിച്ച് പരിശോധിക്കും. 45 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് 100ൽ 50 സീറ്റ് ബിജെപി നേടിയപ്പോൾ നഷ്ടമായതിലേറെയും എൽഡിഎഫിനാണ്. 2020ൽ 35 സീറ്റാണ് ബി.ജെപി നേടിയത്. എൽഡിഎഫിന്റെ സീറ്റുനില 52ൽ നിന്നും 29ആയി കുറഞ്ഞു. കോൺഗ്രസ് അധികമായി പിടിച്ചെടുത്ത ഒൻപത് സീറ്റ് നഷ്ടമുണ്ടാക്കിയതും ഇടതിനായിരുന്നു.
ഫലം വന്നതുമുതൽ എൽഡിഎഫ് പരാജയത്തിന്റെ പ്രധാന കാരണം മേയർ ആര്യാ രാജേന്ദ്രനാണെന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു. കൗൺസിലർ ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ചാണ് സോഷ്യൽ മീഡിയയിൽ ആക്ഷേപം കടുക്കുന്നത്. ആര്യയെ ന്യായീകരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ഗായത്രി ബാബു പോസ്റ്റിട്ടത് ശരിയായില്ലെന്ന് ജില്ലാ സെക്രട്ടറി വി ജോയി പ്രതികരിച്ചു. എന്നാൽ കൂടുതൽ നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |