
കണ്ണൂർ:ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് ഗൗരവമേറിയ മുന്നറിയിപ്പാണെന്ന് വിലയിരുത്തൽ. പ്രത്യേകിച്ച് മലയോര മേഖലകൾ കൈവിട്ടത് ജനകീയമായ നിരവധി വിഷയങ്ങളിലെ ഇടപെടൽ അത്യാവശ്യമാണെന്ന സൂചനയാണ് നൽകുന്നത്. വന്യജീവി ആക്രമണവും കാർഷിക മേഖലയിലെ പ്രതിസന്ധികളും വോട്ടുകൾ എതിർപാളയത്തിൽ ഏകോപിപ്പിക്കുകയായിരുന്നു. ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരിൽ തന്നെ അടിത്തറയിൽ വിള്ളലുകളാണ് കണ്ടിട്ടുള്ളത്.
ജില്ലയിൽ എൽ.ഡി.എഫ് പ്രതീക്ഷിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായാണ് തിരഞ്ഞെടുപ്പ് ഫലം. എട്ട് പഞ്ചായത്തുകളിൽ ഭരണാധികാരം നഷ്ടപ്പെട്ടു.ഇതിൽ ഭൂരിഭാഗവും മലയോരത്താണ്. കണിച്ചാർ, ഉദയഗിരി, ആറളം, കേളകം, പയ്യാവൂർ, ചെറുപുഴ തുടങ്ങിയ പ്രദേശങ്ങൾ കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്ക് കൂറുമാറിയപ്പോൾ എൽ.ഡി.എഫിനോടൊപ്പം നിന്നതാണ്. എന്നാൽ ആ വോട്ടുകൾ യു.ഡി.എഫ്. പാളയത്തിലേക്ക് തന്നെ തിരിച്ചുപോയെന്നാണ് ഫലങ്ങൾ വ്യക്തമാകുന്നത്
ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും സമാന ജനവിധി വന്നത് പാർട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങളുടെയും മലയോര സമൂഹത്തിന്റെയും പിന്തുണ തുടർച്ചയായി നഷ്ടപ്പെടുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിക്കാം.വാർഡുകൾ വർധിച്ചിട്ടും മലയോരത്തെ നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു സീറ്റ് പോലും അധികം നേടാൻ കഴിയാത്തതും 36 വാർഡുകൾ നഷ്ടപ്പെട്ടതും ഭാവി വെല്ലുവിളികളെക്കുറിച്ച് സൂചന നൽകുന്നു.
വന്യജീവി ശല്യവും കാർഷിക പ്രതിസന്ധിയും പോലുള്ള ദൈനംദിന ബുദ്ധിമുട്ടുകളോട് സംവേദനക്ഷമമായി പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യം ഈ തിരഞ്ഞെടുപ്പ് ഉയർത്തിക്കാട്ടുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയുമോ എന്നതാണ് എൽ.ഡി.എഫിന് മുന്നിലെ വലിയ ചോദ്യം.
തിരിച്ചടി പേരാവൂർ,ഇരിക്കൂർ നിയോജകമണ്ഡലങ്ങളിൽ
ഇരിക്കൂർ, പേരാവൂർ നിയോജക മണ്ഡലങ്ങളിലെ 338 വാർഡുകളിൽ യു.ഡി.എഫിന് 203 സീറ്റുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫിന് ലഭിച്ചത് 111 എണ്ണം മാത്രമാണ്.വന്യമൃഗ ആക്രമണം, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, റബറിന്റെ തകർന്ന വില, നാളികേര സംഭരണപ്രശ്നങ്ങൾ എന്നിവ കർഷകരെ നിരാശരാക്കി. കർഷക ക്ഷേമ പെൻഷൻ പോലുള്ള വിഷയങ്ങൾ പ്രചാരണത്തിൽ പ്രാധാന്യം നൽകാതെ പോയതും പ്രതികൂലമായി.
തദ്ദേശത്തിൽ ഇരിക്കൂർ, പേരാവൂർ
ആകെ വാർഡുകൾ- 338
യു.ഡി.എഫ് 203
എൽ.ഡി.എഫ് 111
എൻ.ഡി.എ 13
കോർപ്പറേഷനിൽ വോട്ടാകാതെ വികസനവാദം
കണ്ണൂർ നഗരത്തിന്റെ സമഗ്രവികസനം ദൃശ്യഭാഷ്യം ശക്തമായി പ്രചരിപ്പിച്ചിട്ടും യു.ഡി.എഫ് ഭരണസമിതിക്കെതിരായ അഴിമതി ആരോപണങ്ങൾ ഉയർത്തിയിട്ടും കണ്ണൂർ കോർപ്പറേഷനിൽ സി.പി.എമ്മിന് കാലിടറി.മറിച്ച് നാല് സീറ്റുകളുടെ നഷ്ടമാണ് എൽ.ഡി.എഫിനുണ്ടായത്. ബി.ജെ.പി ഒന്നിൽ നിന്ന് നാല് സീറ്റുകളിലേക്കുയർന്നതും എൽ.ഡി.എഫിന്റെ നഗരരാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് വെല്ലുവിളിയായി. ബി.ജെ.പി. ജയിച്ച വാർഡുകളിൽ ഇടതുവോട്ടുകൾ കുറഞ്ഞിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |