* ആസൂത്രകനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി
* എസ്.ഐയ്ക്ക് പരിക്കേറ്റു
കൊച്ചി: ഡ്രൈഡേയായ വോട്ടെണ്ണൽ ദിനത്തിൽ മദ്യംസംഘടിപ്പിച്ച് നൽകിയും ഒന്നിച്ചിരുന്ന് മദ്യപിച്ചും സൗഹൃദം സ്ഥാപിച്ചശേഷം വിനോദസഞ്ചാരിയെ കൊള്ളയടിച്ച സംഭവത്തിൽ, ആസൂത്രകനെയും കൂട്ടാളിയെയും പൊലീസ് മണിക്കൂറുകൾക്കം അറസ്റ്റുചെയ്തു. മുളന്തുരുത്തി സ്വദേശി ആദർശ്, കൂട്ടാളി കണിയാമ്പുഴയിൽ താമസിക്കുന്ന പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. യു.എസ് പൗരത്വമുള്ള ഒഡീഷ സ്വദേശി പരേഷ് പുഹാനാണ് കവർച്ചക്കിരയായത്. ഇയാളുടെ ഒരുലക്ഷംരൂപയും ഡോളറും സ്വർണമോതിരവും നഷ്ടപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
കേരളം ചുറ്റിക്കാണാൻ ഏതാനും ദിവസംമുമ്പാണ് പരേഷ് പുഹാൻ കൊച്ചിയിൽ എത്തിയത്. മറൈൻഡ്രൈവിലെ ഹോട്ടലിലായിരുന്നു താമസം. 13ന് വോട്ടെണ്ണൽ ആയിരുന്നതിനാൽ ബാറുകൾക്കും ബിവറേജസ് ഒൗട്ട്ലെറ്റുകൾക്കും പൂട്ടുവീണിരുന്നു. മദ്യപിക്കുന്നതിനായി മറൈൻഡ്രൈവിലേക്ക് ഇറങ്ങിയപ്പോഴാണ് 'സാധനം' കിട്ടില്ലെന്ന് പരേഷ് പുഹാൻ അറിയുന്നത്. മദ്യം സംഘടിപ്പിക്കാനുള്ള പിന്നീടുള്ള അന്വേഷണത്തിലാണ് ആദർശിനെ പരിചയപ്പെട്ടത്. മദ്യം സംഘടിപ്പിക്കാമെന്ന് ഉറപ്പുനൽകിയ ആദർശ് ഒന്നിച്ചിരുന്ന് കഴിക്കാനുള്ള ആവശ്യം മുന്നോട്ടുവച്ചു. ഇത് അംഗീകരിച്ചതോടെ വൈകിട്ട് മദ്യവുമായി പരേഷിന്റെ മുറിയിൽ എത്തി. അമിതമായി മദ്യംഅകത്താക്കിയ യു.എസ് പൗരൻ ഉറങ്ങിപ്പോയി. ഈ തക്കത്തിന് കൊള്ളയടി ആസൂത്രണംചെയ്ത് ആദർശ് കൂട്ടാളിയോട് പിറ്റേന്ന് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു. പുലർച്ചെ ആദർശും ആകാശും ചേർന്ന് പരേഷിനെ മർദ്ദിച്ച് അവശനാക്കി ഡോളറും സ്വർണാഭരണവുമെല്ലാം കൈക്കലാക്കി. പിന്നീട് അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപയും വാങ്ങിയെടുത്തു.
നാണക്കേട് ഓർത്ത് പരേഷ് പുഹാൻ പരാതി നൽകാൻ ആദ്യം മടിച്ചു. എന്നാൽ വൈകിട്ടോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആദർശിനെയാണ് ആദ്യം പിടികൂടിയത്. ഇന്നലെ പേട്ടയിൽനിന്ന് പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.അന്വേഷണത്തിൽ പേട്ട ഭാഗത്തെ ഒരു ലോഡ്ജിൽ പ്രതിയുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ പൊലീസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ ആദർശ് ഒന്നാംനിലയിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുണർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
പിടികൂടുന്നതിനിടെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ സർജുവിന് കാലിന് പരിക്കേറ്റു. ആദർശിന്റെ മൊഴിയിൽനിന്നാണ് ഒപ്പമുണ്ടായത് ആകാശാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുമ്പളങ്ങിയിൽനിന്ന് ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണമോതിരമടക്കം വീണ്ടെടുക്കാനായെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |