കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് നിന്ന് 46വർഷം മുമ്പ് ഖത്തറിലേക്ക് പറന്ന ജി.പി.കുഞ്ഞബ്ദുള്ളയെഴുതിയ പാട്ടാണ് ഇപ്പോൾ പാർലമെന്റിന്റെ മുന്നിലും ഹിറ്റായത്. വെറും മൂന്നാംക്ലാസുവരെ മാത്രം പഠിക്കാനായ ആളാണ് കുഞ്ഞബ്ദുള്ള. സ്വർണംകട്ടവനാരപ്പാ
സഖാക്കളാണേ അയ്യപ്പാ.... എന്ന പാരഡിഗാനം ഇപ്പോൾ മിക്ക സഖാക്കൾക്കും നാവിൻതുമ്പിൽ ശ്രുതിയാണ്!
യു.ഡി.എഫ് വിജയത്തിന്റെ കേരളത്തിലെ ആണിക്കല്ലായി വിലസിയ ഈ പാരഡിഗാനം ഒരു രാഷ്ട്രീയപ്പാർട്ടിക്കും വേണ്ടി എഴുതിയതല്ല. യൂത്ത് കോൺഗ്രസുകാർക്കും പിന്നീട് യൂത്ത് ലീഗുകാർക്കുമെല്ലാം അയച്ചെങ്കിലും ആരും പരിഗണിച്ചതുമില്ല! പിന്നീട് കോഴിക്കോട്ടുള്ള ഹനീഫ മുടിക്കോടനാണ് സംഗീതം നൽകി പാട്ടാക്കിയത്. അത് ഡാനിഷ് കൂട്ടിലങ്ങാടി പാടി ഹിറ്റായി. കുഞ്ഞബ്ദുള്ളയുടെ സുഹൃത്താണ് ഹനീഫ.
യു.ഡി.എഫും എൻ.ഡി.എയും സംസ്ഥാന വ്യാപകമായി ഈ പാരഡി ഗാനം തിരഞ്ഞെടുപ്പുവേളയിൽ ഏറ്റെടുത്തു. പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലുംമുള്ളും കാലിക്ക് മെത്തെ... എന്ന പ്രശസ്തമായ ഭക്തിഗാനത്തിന്റെ ഈണത്തിലായിരുന്നു പാട്ടെഴുത്ത്.
' പോറ്റിയേ കേറ്റിയേ
സ്വർണം ചെമ്പായ് മാറ്റിയേ
സ്വർണപ്പാളികൾ മാറിയേ
ശാസ്താവിൻധനം ഊറ്റിയേ
സ്വർണം കട്ടവനാരപ്പാ
സഖാക്കളാണേ അയ്യപ്പാ....
ഇങ്ങനെപോകുന്നു ഹിറ്റായ പാരഡിയുടെ വരികൾ.
ഖത്തറിൽ നിന്ന് കേരളകൗമുദിയോട്
'മൂന്നാംക്ലാസ് വരെ മാത്രം പഠിച്ച ആളാണ് ഞാൻ. വിദ്യാഭ്യാസം വച്ച് നാട്ടിൽ നിന്നുരക്ഷപ്പെടാനാവില്ലെന്നുകരുതി ഖത്തറിലേക്കെത്തി. അപ്പോഴും വീടും നാടും മനസിൽ ഒരു പച്ചപ്പായിരുന്നു. അയ്യപ്പൻ മനുഷ്യരുടെയെല്ലാം ദൈവമാണ്. ജാതിയും മതവുമില്ല. ആ അയ്യപ്പന്റെ കട്ടിളപ്പാളിവരെ അടിച്ചുമാറ്റിയതറിഞ്ഞപ്പോൾ ഒരു പാട്ടെഴുതാൻ തോന്നി. കേരളം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈണത്തിലാണ് എഴുതിയത്." കുടുംബപരമായി കോൺഗ്രസുകാരനാണ് താനെന്നും ജി.പി.കുഞ്ഞബ്ദുള്ള കേരളകൗമുദിയോട് പറഞ്ഞു.അറുനൂറോളം പാട്ടെഴുതിയിട്ടുണ്ട്. ഭാര്യ: സുലൈഖ. രണ്ടുപെൺകുട്ടികളും ഒരാണുമടക്കം മൂന്നു മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |