
എരുമേലി: ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ പാർക്കിംഗ് ഫീസ്, ശുചിമുറി ഉപയോഗിക്കുന്നതിനുള്ള യൂസർ ഫീ എന്നിവ ഏകീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് . കോട്ടയം ജില്ലാ കളക്ടർ, ദേവസ്വം ബോർഡ്, എരുമേലി പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് ഫീസ് കൃത്യപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. എരുമേലി സ്വദേശി മനോജ് എസ്. നായർ ആണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഫീസ് നിരക്കും സ്വകാര്യ ഗ്രൗണ്ടുകളിലെ നിരക്കുകളും വ്യത്യസ്തമാണ്. ശുചിമുറി യൂസർ ഫീ നിരക്കിലും വിവിധ നിരക്കുകൾ ഈടാക്കുന്നുണ്ട്. ഇത്തവണ സീസണിൽ ഒട്ടേറെ പരാതികളാണ് അമിത ഫീസ് സംബന്ധിച്ച് ഉയർന്നത്. ഫീസ് നിരക്കിന്റെ ബോർഡുകൾ മറച്ചു വയ്ക്കുന്നതായും പരാതിയുണ്ട്.
റവന്യു കൺട്രോൾ റൂം ഫോൺ നമ്പറിൽ ബന്ധപ്പെട്ട് അറിയിച്ച പരാതികളിലാണ് നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞത്. അമിത ഫീസ് നൽകിയ ശേഷം സോഷ്യൽ മീഡിയയിൽ പരാതി അറിയിച്ച് ചില ഭക്തർ കടന്നുപോകും. മറ്റ് ചിലർ പരാതി നൽകാതെ പോകുന്നുണ്ട്. ശബരിമല ദർശനത്തിന് അനുവദിച്ച സമയം നഷ്ടപ്പെടാതിരിക്കാനുള്ള ധൃതി മൂലം ആണ് പരാതികൾ അറിയിക്കാൻ ഭക്തർക്ക് കഴിയാതെ പോകുന്നതെന്ന് പറയുന്നു.പരാതി ലഭിക്കുമ്പോൾ മാത്രമാണ് പരിശോധന ഉണ്ടാകുന്നത്.
വൻ തുക മുടക്കിയാണ് പാർക്കിംഗ് ഗ്രൗണ്ടുകൾ ലേലത്തിൽ പിടിക്കുന്നത്. ഈ തുക തിരിച്ചു പിടിക്കുകയും കൂടുതൽ ലാഭം നേടുകയും വേണം. അതിന് സർക്കാർ അംഗീകൃത നിരക്കിൽ യൂസർ ഫീസ് ഈടാക്കിയാൽ സാധിക്കില്ലെന്നാണ് ലേലം പിടിച്ചവർ പറയുന്നത്.
എന്നാൽ, എന്തിനാണ് വൻ തുകയ്ക്ക് ലേലം പിടിക്കുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഉയർന്ന തുകയ്ക്ക് മത്സരബുദ്ധിയോടെ ലേലം പിടിച്ച ശേഷം നഷ്ടം വരാതിരിക്കാൻ അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന പ്രവണത കഴിഞ്ഞ കുറെ സീസണുകളിലായി എരുമേലിയിൽ പതിവാണ്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വൻ ലോബികളാണ് ലേലം പിടിക്കാൻ എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |