SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

ആ വെട്ട് വേണ്ട: കേന്ദ്രം അനുമതി നിഷേധിച്ച 19 ചിത്രങ്ങളും പ്രദർശിപ്പിക്കും

Increase Font Size Decrease Font Size Print Page
indian-cinema

തിരുവനന്തപുരം: കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച 19 ചിത്രങ്ങളും അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചലച്ചിത്ര അക്കാഡമിയുടെ നടപടി. പാലസ്തീനിൽ നിന്നുള്ള ചിത്രങ്ങളൾക്കടക്കമാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. ഇന്നലെ ഇക്കൂട്ടത്തിൽ നാലെണ്ണത്തിന് അനുമതി നൽകിയിരുന്നു.

ചിത്രങ്ങൾക്ക് പ്രദർശാനുമതി ലഭിക്കാത്തത് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രദർശിപ്പിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി സജി ചെറിയാനെ അറിയിച്ചു. തുടർന്ന് മന്ത്രി സജി ചെറിയാനാണ് ചലച്ചിത്ര അക്കാഡമിക്ക് നിർദ്ദേശം നൽകിയത്.

ഇതേത്തുടർന്ന് ചിത്രങ്ങളുടെ പ്രദർശനം സംബന്ധിച്ച ഷെഡ്യൂൾ അക്കാഡമി തയ്യാറാക്കി. അത് ഡെലിഗേറ്റുകളെ അറിയിക്കും.

കൊൽക്കത്ത മേളയിൽ സമാനമായ പ്രതിസന്ധിയുണ്ടായപ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. മേളയിൽ വിദേശ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സെൻസറിംഗ് എക്‌സംഷൻ (സെൻസറിംഗ് ഇളവ്) സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇതുവരെ 9 സിനിമകളുടെ പ്രദർശനമാണ് മുടങ്ങിയത്.

 ചലച്ചിത്ര മേളയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിദ്ധ്യ സർഗാവിഷ്‌കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവയ്ക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.

- മുഖ്യമന്ത്രി പിണറായി വിജയൻ

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY