SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.38 PM IST

580 കിലോ 'തൊണ്ടിഭാരം' ഒഴിഞ്ഞു, സ്റ്റേഷനിലെ ഏലക്കാ സുഗന്ധവും

Increase Font Size Decrease Font Size Print Page
padam

കൊച്ചി: ഒരുമാസത്തോളം മരട് പൊലീസ് സ്റ്റേഷനിൽ നിറഞ്ഞുനിന്ന ഏലക്കാ സുഗന്ധം മാഞ്ഞു. തൊണ്ടിമുതലായ 580 കിലോ ഏലക്കാ കോടതി അനുമതിയോടെ പരാതിക്കാരനായ കുണ്ടന്നൂരിലെ സ്റ്റീൽ വ്യാപാരിക്ക് വിട്ടുനൽകി. തോക്കു ചൂണ്ടി 80 ലക്ഷം കവർന്ന കേസിലാണ് 10 ഏലച്ചാക്കുകൾ പൊലീസിന്റെ തലയിലായത്. ഏലം കേടാകുമെന്ന് കണ്ടാണ് കോടതി പരാതിക്കാരന് വിട്ടുനൽകാൻ അനുമതി നൽകിയത്. ഒക്ടോബർ ഏഴിന് വൈകിട്ടായിരുന്നു തൊണ്ടിയായി ഏലച്ചാക്കുകൾ പൊലീസ് സ്റ്റേഷനിൽ എത്താനിടയാക്കിയ സംഭവം.

കുണ്ടന്നൂരിൽ സ്റ്റീൽ വ്യാപാരിയെ തോക്കുചൂണ്ടിയും വടിവാൾ കാട്ടിയും ഭയപ്പെടുത്തിയും മുഖംമൂടി സംഘം 80 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസിൽ ഏലം കർഷകരടക്കം 11 പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോജി ജോസി തട്ടിയെടുത്ത പണം സൂക്ഷിക്കാൻ ഇടുക്കി സ്വദേശിയായ ഏലം കർഷകനെയാണ് ഏൽപ്പിച്ചിരുന്നത്. ജോജിയുടെ നിർദ്ദേശപ്രകാരം ഇയാൾ 14 ലക്ഷം രൂപയ്ക്ക് ഏലം വാങ്ങി. പ്രതികൾ ഒന്നൊന്നായി പിടിയിലായപ്പോഴാണ് ഏലം വാങ്ങിയ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് 10 ചാക്ക് ഏലം കസ്റ്റഡിയിലായി.

ചില പണമിടപാട് സംഘങ്ങളുമായി സ്റ്റീൽ വ്യാപാരിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് കൊല്ലം സ്വദേശിയുമായി ചേർന്ന് സാമ്പത്തിക ഇടപാടും നടത്തി. അന്ന് പരിചയപ്പെട്ട കൊച്ചിയിലെ നോട്ടിരട്ടിപ്പ് സംഘത്തിലെ കണ്ണികളും എറണാകുളം സ്വദേശികളുമായി അടുപ്പിച്ചു. 80 ലക്ഷം രൂപ നൽകിയാൽ 1.20 കോടി രൂപ തിരികെ നൽകുമെന്നായിരുന്നു ഡീൽ. പണം കൈപ്പറ്റാൻ ഇടപാടുകാർ സ്റ്റീൽ വ്യാപാര കേന്ദ്രത്തിൽ എത്തിയതിന് പിന്നാലെ മൂന്നംഗ മുഖംമൂടി സംഘം തോക്കും വടിവാളുമായി അതിക്രമിച്ച് കയറി പണം തട്ടുകയായിരുന്നു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY