@ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 'റെന്റ് എ ബെെക്ക് '
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലിറങ്ങിയാൽ സ്വന്തം വാഹനമില്ലാത്തവർക്ക് ഓട്ടോയെ ആശ്രയിക്കണം. ഇതിനായി പ്രീ പെയ്ഡ് കൗണ്ടറിൽ വരി നിൽക്കണം. അല്ലെങ്കിൽ ബസിൽ ഇടിച്ചുകയറണം. എന്നാൽ ഇനി അതൊന്നും വേണ്ട. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മണിക്കൂറിന് 50 രൂപ മുടക്കിയാൽ ഇലക്ട്രിക് സ്കൂട്ടർ കിട്ടും. ടൗണിലെ ആവശ്യങ്ങൾ നിറവേറ്റി തിരികെ കൊടുക്കാം. പലയിടങ്ങളിൽ പോകണമെങ്കിൽ വിവിധ ഓട്ടോകളിൽ കയറുമ്പോഴുണ്ടാകുന്ന അധികച്ചെലവുമില്ല. ഓട്ടോക്കാർ അധിക നിരക്ക് വാങ്ങുമെന്ന പേടിയുമില്ല. നാലാം പ്ളാറ്റ്ഫോമിനടുത്താണ് ഓഫീസ്. എട്ട് ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇപ്പോഴുള്ളത്. പദ്ധതിയിൽ 30 ഏതർ സ്കൂട്ടറുകളാണുണ്ടാകുക. ഉദ്ഘാടനം കഴിഞ്ഞയാഴ്ച സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് നിർവഹിച്ചു. മംഗളൂരു, തിരൂർ എന്നിവിടങ്ങളിൽ ഇതിനു മുമ്പേ പദ്ധതി തുടങ്ങി. പെരിന്തൽമണ്ണ എഫ്.ജെ ബിസിനസ് ആൻഡ് ഇന്നവേഷൻസാണ് സ്ഥാപനം നടത്തുന്നത്. ആധാർ, ഡ്രെെവിംഗ് ലെെസൻസ് എന്നിവയുടെ ഒറിജിനൽ നൽകണം. സെക്യൂരിറ്റി തുക 1000 രൂപ. വാഹനം നൽകുമ്പോൾ തിരികെ ലഭിക്കും.
ഹെൽമറ്റും നൽകും
നിയമലംഘനങ്ങൾക്ക് ഉത്തരവാദി വാടകയ്ക്കെടുത്തയാളാണ്. അപകടമുണ്ടായാൽ ഇൻഷ്വറൻസ് ക്ളെയിം കിട്ടും വരെയുള്ള ദിവസ വാടക നൽകണം. ഫുൾ കവർ ഇൻഷ്വറൻസുള്ളവയാണ് വാഹനങ്ങൾ. മുഴുവനായും ചാർജ്ജ് ചെയ്ത വാഹനമാണ് നൽകുക. റീചാർജ്ജ് വേണ്ടിവന്നാൽ സ്വന്തം നിലയ്ക്ക് ചെയ്യണം. 130 കിലോമീറ്റർ വരെ ചാർജ്ജ് ചെയ്യേണ്ടിവരില്ല. സൗജന്യ ഉപയോഗത്തിന് ഒരു ഹെൽമെറ്റ് നൽകും. ഒന്നുകൂടി വേണമെങ്കിൽ 50 രൂപ വാടക.
മണിക്കൂറിന് 50 രൂപ
ദിവസവാടക 750 രൂപ
12 മണിക്കൂറിന് 500 രൂപ
ബെെക്കിന് നല്ല ഡിമാൻഡാണ്. കൂടുതലും യുവാക്കളാണ് ദിവസ വാടകയ്ക്കെടുക്കുന്നത്. മലപ്പുറത്തും കാസർകോട്ടുമുള്ളവർ വരെ കഴിഞ്ഞ ദിവസങ്ങളിൽ വാടകയ്ക്കെടുത്തു.
-സി.കെ.ഹരീഷ്
സ്റ്റേഷൻ മാനേജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |