
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കൈവരിച്ച ചരിത്രവിജയത്തിലേക്ക് നയിച്ചത് യു.ഡി.എഫിലെ ഐക്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ. കോൺഗ്രസിന്റെ വാർഡ്, മണ്ഡലം, ബ്ളോക്ക് കമ്മിറ്റികൾ സംസ്ഥാനത്ത് ആദ്യമായി പുന:സംഘടിപ്പിച്ചത് പത്തനംതിട്ടയിലാണ്. തിരഞ്ഞെടുപ്പിന് മുൻപേ പാർട്ടി സംവിധാനം ശക്തമാക്കിയിരുന്നു. ഘടകകക്ഷികളായ മുസ്ലീം ലീഗ്, ആർ.എസ്.പി, ജോസഫ്, സി.എം.പി വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകി. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിലക്കയറ്റവും കാർഷിക വിലത്തകർച്ചയും സ്വർണക്കൊള്ളയും അഴിമതിയുമൊക്കെയാണ് യു.ഡി.എഫ് പ്രചരണ വിഷയങ്ങളാക്കിയത്. എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരാ വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലം. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് എല്ലാ സീറ്റുകളും നേടുമെന്ന് സതീഷ് കൊച്ചുപറമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
? ഇത്തവണ വലിയ വിജയമാണ്. ഇത് പ്രതീക്ഷിരുന്നോ.
തിരഞ്ഞെടുപ്പ് പ്രചരണ തുടങ്ങിയപ്പോൾ തന്നെ ഞാൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്തിൽ കുറഞ്ഞത് 10 സീറ്റുകൾ നേടുമെന്നും ചിലപ്പോൾ ഒന്നോ രണ്ടോ അധികം നേടുമെന്നും പറഞ്ഞിരുന്നു. നാല് നഗരസഭകളിൽ പന്തളം ഒഴികെ ഭരിക്കുമെന്ന് പറഞ്ഞിരുന്നു. ബ്ളേുക്കുകളിൽ കുറഞ്ഞത് ആറെണ്ണം നേടുമെന്ന് പ്രതീക്ഷിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിച്ചിരുന്നു. പ്രതീക്ഷിച്ചതിനും ഒരുപടി മേലെയാണ് ജനങ്ങൾ യു.ഡി.എഫിന് നൽകിയ വിജയം.
? തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സ്ഥാനം
പങ്കിട്ടു നൽകുന്നത് തുടരുമോ.
അർഹരായവർ ഒട്ടേറെയുണ്ട്. പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനങ്ങളെടുക്കും. അധികാരം പങ്കിട്ടു നൽകിയാലും കഴിഞ്ഞ എൽ.ഡി.എഫ് ഭരണം പോലെ ആയിരിക്കില്ല.
? സീറ്റുകൾ തുല്യമായ പഞ്ചായത്തുകളിൽ ബി.ജെ.പിയെ
അകറ്റാൻ ഇടതുപക്ഷവുമായി ചേരുമോ.
കെ.പി.സി.സി എന്തു നിർദേശം നൽകുന്നുവോ അതനുസരിച്ച് തീരുമാനമെടുക്കും. വിപ്പ് ലംഘിക്കുന്ന ഒരാളും പാർട്ടിയിൽ ഉണ്ടാകില്ല.
? മെഴുവേലിയിൽ കോൺഗ്രസ് വോട്ടുകൾ കൊണ്ടാണ് ജയിച്ചതെന്ന് സി.പി.എം നേതാവ് കെ.സി രാജഗോപാലൻ പറഞ്ഞു.
രാജഗോപാലൻ പുലിയായി വന്ന് എലിയായി പോയി. കോൺഗ്രസിന്റെ ഒരു വോട്ടു പോലും ചോർന്നിട്ടില്ല. മെഴുവേലിയിൽ യു.ഡി.എഫ് ഭരണം പിടിക്കുകയും ചെയ്തു.
വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |