
ഏറ്റവും വിലയേറിയ വിദേശ താരമായി കാമറൂൺ ഗ്രീൻ
വിഘ്നേഷ് പുത്തൂർ ഇക്കുറി രാജസ്ഥാൻ റോയൽസിൽ
അബുദാബി : ഓസ്ട്രേലിയൻ ആൾറൗണ്ടർ കാമറൂൺ ഗ്രീനായിരുന്നു ഇന്നലെ അബുദാബിയിൽ നടന്ന ഐ.പി.എൽ താരലേലത്തിലെ സൂപ്പർ താരം. 25.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ഗ്രീനിനെ സ്വന്തമാക്കിയത്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഗ്രീനിന് വേണ്ടി രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകളും മത്സരിച്ചുവിളിച്ചതോടെയാണ് വില ഇത്രയും ഉയർന്നത്. ഇതോടെ താരലേലത്തിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന വിദേശതാരമായി ഗ്രീൻ മാറുകയും ചെയ്തു. പിന്നാലെ ശ്രീലങ്കൻപേസർ മതീഷ പതിരാനയെ 18 കോടി നൽകിയും സ്വന്തം കൂടാരത്തിൽ എത്തിച്ചതോടെ ലേലത്തിൽ പങ്കെടുത്ത ടീമുകളിൽ കൊമ്പന്മാരായി കൊൽക്കത്ത മാറി. ബംഗ്ളാദേശി താരം മുസ്താഫിസുർ റഹ്മാൻ 9.2കോടിക്ക് കൊൽക്കത്തയിലെത്തി.
ഇതുവരെ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ലാത്ത യുവതാരങ്ങളായ പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത് 14.20 കോടിക്കാണ്. ഇന്ത്യ കളിക്കാത്ത താരങ്ങൾക്ക് ഐ.പി.എല്ലിൽ ലഭിക്കുന്ന ഉയർന്ന തുകയാണിത്. 30 ലക്ഷം രൂപമാത്രമായിരുന്നു ഇരുവരുടെയും അടിസ്ഥാന വില. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കാശ്മീരി പേസർ ആക്വിബ് ദർ ഡൽഹി ക്യാപ്പിറ്റൽസിലെത്തിയത് 8.4 കോടി രൂപയ്ക്കാണ്. ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയ്‌യെ 7.20 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. കഴിഞ്ഞവർഷം 23.75 കോടിക്ക് കൊൽക്കത്ത വാങ്ങിയിരുന്ന വെങ്കടേഷ് അയ്യരെ ഇക്കുറി ഏഴുകോടിക്കാണ് ആർ.സി.ബി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ പ്രതിഫലത്തിൽ നിന്ന് 70 ശതമാനമാണ് വെങ്കടേഷിന് ഇക്കുറി കുറവ് വന്നത്.
ആദ്യവട്ടം ആരും എടുക്കാതിരുന്ന ഓസ്ട്രേലിയൻ ബാറ്റർ ജോഷ് ഇൻഗിലിസിനെ രണ്ടാം വട്ടം 8.6 കോടിരൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എംഗിഡിയെ അടിസ്ഥാന വിലയായ രണ്ടുകോടിക്ക് രണ്ടാം വട്ടം ലേലത്തിൽവന്നപ്പോൾ ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി. ഓസ്ട്രേലിയൻ ആൾറൗണ്ടർ ബെൻ ദർവാഷുയിസിനെ 4.4 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സും ഇന്ത്യൻ താരം രാഹുൽ ചഹറിനെ 5.2 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സും സ്വന്തമാക്കി.
ന്യൂസിലാൻഡ് താരം മാറ്റ് ഹെൻറി രണ്ടുകോടിക്ക് ചെന്നൈയിലെത്തി. ഇന്ത്യൻ പേസർ ആകാശ് ദീപ് സിംഗ് ഒരുകോടിക്ക് കൊൽക്കത്തയിലെത്തി. ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര ആദ്യ ഘട്ടത്തിൽ അൺസോൾഡായെങ്കിലും രണ്ടുകോടിക്ക് കൊൽക്കത്തയിൽ കയറിപ്പറ്റി.ആദ്യ ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടിരുന്ന ഇംഗ്ളണ്ട് താരം ലിയാം ലിവിംഗ്സ്റ്റണും രണ്ടാം ഘട്ടത്തിലാണ് രക്ഷപെട്ടത്. 13 കോടിക്ക് സൺറൈസേഴ്സാണ് ലിവിംഗ്സ്റ്റണിനെ കൊത്തിയെടുത്തത്.
ആദ്യ ഘട്ടത്തിൽ ആരും വിളിക്കാതിരുന്ന സർഫ്രാസ് ഖാൻ രണ്ടാം ഘട്ടത്തിൽ 75 ലക്ഷത്തിനാണ് ചെന്നൈയിലേക്ക് എത്തിയത്.
ജഡേജയുടെ പകരക്കാരൻ
പ്രശാന്ത് വീർ
20-കാരനായ പ്രശാന്ത് വീർ ഉത്തർ പ്രദേശിൽ നിന്നുള്ള സ്പിൻ ആൾറൗണ്ടറാണ്. ചെന്നൈ വിട്ട രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായാണ് ടീമിലെടുത്തത്. ഇടംകൈയ്യർ സ്പിന്നറായ പ്രശാന്ത് 12 ആഭ്യന്തര ട്വന്റി-20കളിൽ 112 റൺസും 12 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 167.16 ആണ് സ്‌ട്രൈക്ക് റേറ്റ്. യു.പി ട്വന്റി-20 ലീഗിൽ നോയിഡ സൂപ്പർ കിംഗ്സിന്റെ താരമായിരുന്ന പ്രശാന്തിന്റെ ആദ്യ ഐപിഎല്ലാകും 2026-ലേത്.
ഫിനിഷർ കാർത്തിക്
രാജസ്ഥാന്‍ സ്വദേശിയായ കാർത്തിക് ശർമയും ആഭ്യന്തര ടൂർണമെന്റുകളിലെ മിന്നും പ്രകടനത്തിലൂടെയാണ് ഫ്രാഞ്ചൈസികളുടെ ശ്രദ്ധയിലെത്തിയത്. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയ കാർത്തികിന് 19 വയസ്സ് മാത്രമാണ് പ്രായം. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാന്റെ ടോപ് സ്‌കോററും കാർത്തിക്കായിരുന്നു. എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 445 റൺസടിച്ചു. സെയ്ദ് മുഷ്താഖ് അലിയിലും മിന്നിയ കാർത്തിക് മികച്ച ഫിനിഷറാണ്.
മൂന്നാം വട്ടം പൃഥ്വി ഷാ രക്ഷപെട്ടു
മുൻ വെടിക്കെട്ട് ബാറ്റർ പൃഥ്വി ഷായെ ആദ്യ രണ്ടുവട്ടം ലേലത്തിന് വച്ചിട്ടും വാങ്ങാൻ ആരുമുണ്ടായില്ല.ഒടുവിൽ മൂന്നാം തവണ ലേലത്തിന് വച്ചപ്പോൾ ഡൽഹി ക്യാപ്പിറ്റൽസ് 75 ലക്ഷത്തിന് വാങ്ങി.
കഴിഞ്ഞ കെ.സി.എല്ലിൽ ഓരോവറിൽ ആറുസിക്സടിച്ച മലയാളി താരം സൽമാൻ നിസാറിനെയും വാങ്ങാൻ ആരുമുണ്ടായില്ല.
മറ്റ് മലയാളിതാരങ്ങളായ കെ.എം ആസിഫിനും ഏദൻ ആപ്പിൾ ടോമിനും ഭാഗ്യമുണ്ടായില്ല.
ഗ്രീനിന് കിട്ടുന്നത് 18 കോടി
25.2 കോടിക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കാമറൂൺ ഗ്രീനിനെ ലേലത്തിൽ പിടിച്ചതെങ്കിലും താരത്തിന് ലഭിക്കുക 18 കോടി മാത്രമാണ്. വിദേശ താരങ്ങളുടെ പ്രതിഫലത്തിൽ ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക നിയമം മൂലമാണിത്. ലേലത്തിൽ വൻതുക നേടുന്ന വിദേശ താരങ്ങളിൽ പലരും പാതിവഴിയിൽ പരിക്കും മറ്റും പറഞ്ഞ് ടൂർണമെന്റിൽ നിന്ന് മടങ്ങുന്നതിൽ പല ക്ളബുകളും പരാതി പറഞ്ഞിരുന്നു. ഇതോടെയാണ് വിദേശതാരങ്ങൾക്ക് നൽകുന്ന തുകയ്ക്ക് ഒരു പരിധി നിശ്ചയിച്ചത്. ഈ പരിധി കഴിഞ്ഞുള്ള തുക ബി.സി.സി.ഐയുടെ കളിക്കാർക്കുള്ള ക്ഷേമനിധിയിലേക്കാണ് പോവുക.
വിഘ്‌നേഷ് രാജസ്ഥാനിൽ
മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. കഴിഞ്ഞസീസണിൽ മുംബയ് ഇന്ത്യൻസിനായാണ് വിഘ്നേഷ് കളിച്ചത്. മറ്റ് മലയാളികളായ സൽമാൻ നിസാർ,കെ.എം ആസിഫ് എന്നിവരെ ആദ്യ ഘട്ടത്തിൽ വാങ്ങാൻ ആളുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |