
കൊല്ലം: ഡി.സി.സി ജനറൽ സെക്രട്ടറി എം.എം.സഞ്ജീവ് കുമാറിന്റെ മുണ്ടയ്ക്കൽ ചായക്കടമുക്കിലുള്ള വീടിന് നേരെ ആക്രമണം. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ച സംഘം മുറ്റത്ത് മലമൂത്ര വിസർജ്ജനവും നടത്തി. ഇന്നലെ പുലർച്ചെ 2.45 ഓടെയായിരുന്നു സംഭവം. അജ്ഞാത അക്രമി സംഘം അസഭ്യവർഷം നടത്തിക്കൊണ്ട് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. കൊലവിളിയും നടത്തി.
താഴത്തെ നിലയിൽ കിടക്കുകയായിരുന്ന എം.എം.സഞ്ജീവ് കുമാറിന്റെ അമ്മയും മകളും പേടിച്ച് നിലവിളിച്ചു. മുകളിലത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന എം.എം.സഞ്ജീവ് കുമാർ താഴേക്കിറങ്ങിയെത്തി ഈസ്റ്റ് പൊലീസിനെ വിളിച്ചെങ്കിലും എത്തിയില്ല. തുടർന്ന് കമ്മിഷണറെ വിളിച്ചതിന് പിന്നാലെ പൊലീസ് സംഘമെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. സിറ്റ് ഔട്ടിൽ കിടന്ന കസേരകളും വീട്ടുമുറ്റത്തുണ്ടായിരുന്ന ചെട്ടിച്ചട്ടികളും നശിപ്പിച്ചിട്ടുണ്ട്. വാതിലിനും കേടുപാടുണ്ട്.
കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് വരികയാണ്. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ കുരുവിള ജോസഫ്, ജയലക്ഷ്മി തുടങ്ങിയവർ വീട് സന്ദർശിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ ഫോണിൽ സഞ്ജീവ് കുമാറിനോട് വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി എം.എം.സഞ്ജീവ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |