തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയരം കൂടിയതെന്ന് കരുതപ്പെടുന്ന കൂറ്റൻ ക്രിസ്മസ് ട്രീ പാളയം എൽ.എം.എസ് കോമ്പൊണ്ടിൽ ഒരുങ്ങുന്നു. 120 അടിയാണ് ഉയരം.ഇത് കൂടാതെ 5000 സ്റ്രാറുകൾ, അമ്യൂസ്മെന്റ് പാർക്ക്,ഭക്ഷ്യമേള തുടങ്ങിയവയാണ് അനന്തപുരിയുടെ ന്യൂജെൻ ക്രിസ്മസ് ആഘോഷങ്ങൾക്കായി സി.എസ്.ഐ ദക്ഷിണമേഖല മഹായിടവക ആസ്ഥാനമായ എൽ.എം.എസ് കോമ്പൗണ്ടിൽ സജ്ജമാക്കുന്നത്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയാണ് എൽ.എം.എസ് കോമ്പൗണ്ടിൽ തയ്യാറാക്കുന്നതെന്നാണ് സി.എസ്.ഐ സഭ അധികൃതർ പറയുന്നത്.വലിയ ഇരുമ്പ് ഫ്രെയിമിൽ തയ്യാറാക്കുന്ന ട്രീയുടെ നിർമ്മാണം തുടരുകയാണ്.
21 മുതലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം നടക്കുക.സി.എസ്.ഐ സഭയുടെ നേതൃത്വത്തിൽ തലസ്ഥാനത്തെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സും കേരള ടൂറിസവും ചേർന്നാണ് ട്രിവാൻഡ്രം ക്രിസ്മസ് ഫെസ്റ്റ്- 2025 സംഘടിപ്പിക്കുന്നത്. 21ന് കൂറ്റൻ സ്റ്റാറുകളും ഇല്യുമിനേഷൻ ലൈറ്റുകളും അടക്കമുള്ളവ മിഴിതുറക്കും.കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ തുടങ്ങിയ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും വൈദികരും മന്ത്രിമാരും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.21 മുതലുള്ള ദിവസങ്ങളിൽ ഇഷാൻ ദേവിന്റെ മ്യൂസിക് ബാൻഡ്, ചലച്ചിത്ര നടി പോളി കണ്ണമാലി നയിക്കുന്ന ചവിട്ടുനാടകം, പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഗാനമേള, സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ഫിക്ഷൻ, മജീഷ്യൻ സമ്രാജിന്റെ ഇല്യൂഷൻ ഇന്ത്യ നൈറ്റ്, വിവിധ ഇടവകകളുടെ നേതൃത്വത്തിലുള്ള കരോൾ തുടങ്ങിയവ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |