മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ കെ-റീപ്പ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നം മൂലം ഇന്റേണൽ മാർക്ക് ചേർക്കാനാവുന്നില്ല. ഈ മാസം 10 മുതൽ 18 വരെയാണ് ഇന്റേണൽ മാർക്ക് ചേർക്കാനുള്ള സമയപരിധി. നാളേയ്ക്കകം മാർക്ക് ചേർക്കാത്ത വകുപ്പുകൾ 5,000 രൂപ ഫൈൻ അടക്കണമെന്ന കർശന നിർദ്ദേശവുമായി പരീക്ഷാ കൺട്രോളർ രംഗത്തുണ്ട്. തീയതി നീട്ടണമെന്ന് പഠന വകുപ്പുകൾ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചിട്ടില്ല. ഇതോടെ മാർക്ക് ചേർക്കാനാവാതെ ചക്രശ്വാസം വലിക്കുകയാണ് അദ്ധ്യാപകർ. പ്രശ്നം കേൾക്കാനും പരിഹരിക്കാനും ആളില്ലാത്ത അവസ്ഥയാണെന്നും അദ്ധ്യാപകർ പറയുന്നു. നേരത്തെ സാങ്കേതിക പ്രശ്നങ്ങളാൽ പരീക്ഷാ രജിസ്‌ട്രേഷൻ നടത്താൻ കഴിഞ്ഞിരുന്നില്ല.
മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ കമ്പനിയാണ് കെ-റീപ്പ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. ഹയർഎഡ്യുക്കേഷൻ കൗൺസിൽ വഴിയാണ് ഇത് സംസ്ഥാന സർവകലാശാലകളിൽ നടപ്പാക്കുന്നത്. വർഷങ്ങളോളം വിജയകരമായി ഉപയോഗിച്ചുവരുന്ന സർവകലാശാലയുടെ സ്വന്തം സോഫ്റ്റ്‌വെയറുകൾ മാറ്റിനിറുത്തി ഈ പുതുക്കിയ സംവിധാനം കൊണ്ടുവരുന്നതിൽ അഴിമതി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലറെ സമീപിച്ചിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ
പരീക്ഷാ രജിസ്‌ട്രേഷനും അനുബന്ധ നടപടിക്രമങ്ങളും ലളിതമാക്കാൻ എന്ന പേരിൽ കേരള സർക്കാർ നിർദ്ദേശിച്ചതാണ് കെ-റീപ്പ്. എന്നാൽ നിലവിലെ അവസ്ഥ കൈകാര്യം ചെയ്യുന്നതിനും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും ബുദ്ധിമുട്ടുകളുണ്ടാകുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |