
കംഫർട്ട് സ്റ്റേഷൻ അടച്ചത് സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകിയതിനെ തുടർന്ന്
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തെക്കേനടയിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതമായിട്ട് ഒരാഴ്ച പിന്നിടുമ്പോൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ അയ്യപ്പഭക്തർ നെട്ടോട്ടമോടുന്നു. മണ്ഡലകാലം എത്തിയതോടെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകിയത് മൂലം സമീപവാസികൾ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടാൻ പഞ്ചായത്തിനെ സമീപിച്ചതോടെ മുൻ ഭരണസമിതി കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടാൻ ദേവസ്വത്തോട് നിർദ്ദേശിക്കുകയായിരുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്ക് പീറ്റും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. മണ്ഡലകാലമായതോടെ അയ്യപ്പഭക്തർ കൂട്ടത്തോടെ കംഫർട്ട് സ്റ്റേഷൻ ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ക്ഷേത്രത്തിലെ മലിനജലവും കംഫർട്ട് സ്റ്റേഷനിലെ മലിനജലവും ഓവർഫ്ലോയായി കാനയിലൂടെ ഒഴുകിയതോടെ സമീപവാസികൾ പ്രതിഷേധിച്ചു. അതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേവസ്വത്തിന് നോട്ടീസ് നൽകി കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി.
പര്യാപ്തമായ സെപ്റ്റിടാങ്ക് ഇല്ലാത്തതിന് പുറമേ മണ്ണിനടിയിൽ ഉറവ ഉണ്ടാകുന്നതും ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതിന് കാരണമാകുന്നു.
സെപ്റ്റിക് ടാങ്കും സോക്ക് പീറ്റും ഇല്ലാത്തതാണ് പ്രധാനകാരണം
പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാവാതെ ഭക്തജനങ്ങൾ
ദിവസേന സ്ത്രീകളുൾപ്പെടെയുള്ള ആയിരക്കണക്കിന് ഭക്തരെത്തുന്ന ക്ഷേത്രത്തിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലുമാവാതെ ബുദ്ധിമുട്ടുകയാണ്. മറ്രു മാർഗങ്ങളില്ലാത്തതിനാൽ സമീപവാസികളുടെ വീടിനു മുന്നിലും ഓടയിലും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നു. ഇതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സ്വകാര്യ ലോഡ്ജുകളോ ഹോട്ടലുകളോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ദേവസ്വത്തിനെതിരെയും കരാറുകാരനെതിരെയും പ്രതിഷേധം
കംഫർട്ട് സ്റ്റേഷന്റെ അവസ്ഥ മാറ്റിയെടുക്കുന്നതിനായി ദേവസ്വത്തിന്റെ നേതൃത്വത്തിൽ സമീപത്ത് 20 അടി താഴ്ചയിൽ മൂന്ന് കുഴികൾ നിർമ്മിച്ച് റിംഗിറക്കി കോൺക്രീറ്റ് ചെയ്ത് ടാങ്ക് നിർമ്മിച്ചെങ്കിലും പരിസരവാസികൾ ഇതിനെതിരെ രംഗത്ത് വന്നതോടെ ആ പ്രവർത്തനവും നിലച്ചു. തമിഴ്നാട്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മുടക്കി മാലിന്യം വലിച്ചെടുത്ത് സെപ്റ്റിക് ടാങ്ക് ക്ലീൻ ആക്കിയെങ്കിലും ഇതിലൊന്നും തൃപ്തരാകാതെ സമീപവാസികളും ഇടതുപക്ഷ അനുകൂലികളും ദേവസ്വത്തിനെതിരെയും കരാറുകാരനെതിരെയും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.
ഭക്തജനങ്ങൾക്കായി കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കുന്നതിന് ദേവസ്വം ശക്തമായ നടപടികൾ സ്വീകരിച്ചുവെങ്കിലും സമീപവാസികളുടെ പ്രതിഷേധത്തെ തുടർന്ന് മരാമത്ത് പണികൾ നിറുത്തിവയ്ക്കുകയായിരുന്നു. വിവരങ്ങൾ കോടതിയെ ധരിപ്പിക്കും.
അസിസ്റ്റന്റ് കമ്മീഷണർ
ചോറ്റാനിക്കര ദേവസ്വം ബോർഡ് കംഫർട്ട് സ്റ്റേഷനിലെ മാലിന്യങ്ങൾ ഒരു തുള്ളി പോലും പുറത്തേക്ക് ഒഴുകാതെ ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതസാഹചര്യം ഒരുക്കണം.
പ്രസിഡന്റ്
ചോറ്റാനിക്കര ക്ഷേത്ര ഉപദേശക സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |