തിരൂർ: തിരൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന്റെ കരുത്ത് കൂട്ടിയ പ്രകടനമാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലുണ്ടായത്. തിരൂർ നിയമസഭ മണ്ഡലത്തിൽ പെട്ട തിരൂർ നഗരസഭ, ഗ്രാമ പഞ്ചായത്തുകളായ വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കൽപകഞ്ചേരി, വളവന്നൂർ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫിൻ്റെ സമഗ്രാധിപത്യമാണ് കണ്ടത്. തിരൂർ നഗരസഭയിൽ ഉജ്ജ്വല വിജയത്തിനു പുറമെ 25 വർഷത്തിനു ശേഷം തലക്കാട് പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനും യു.ഡി.എഫിനായി. കഴിഞ്ഞ തവണ നഷ്ടമായ വെട്ടം പഞ്ചായത്തിനു പുറമെ വളവന്നൂർ, കൽപകഞ്ചേരി, ആതവനാട്, തിരുനാവായ എന്നിവിടങ്ങളിൽ ഭരണം നിലനിറുത്താനും യു.ഡി.എഫിന് കഴിഞ്ഞു. യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയമായത്. തിരൂർ നഗരസഭയിൽ മാത്രം മത്സരിച്ച 26 സീറ്റിൽ 25ലും വിജയിക്കാൻ ലീഗിന് കഴിഞ്ഞു. കൂടാതെ, തിരൂർ നിയമസഭ മണ്ഡലത്തിൽ സമീപകാലത്ത് ആറ് പഞ്ചായത്തുകളും നിലനിറുത്താനായത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കം നൽകും. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ 7,214 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു ലീഗിലെ കുറുക്കോളി മൊയ്തീൻ വിജയിച്ചത്. അതേസമയം, സമീപകാലത്തെ എൽ.ഡി.എഫിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. 25 വർഷത്തിനു ശേഷം തലക്കാട് പഞ്ചായത്ത് ഭരണം നഷ്ടമായ എൽ.ഡി.എഫിന് കഴിഞ്ഞ തവണ ഭരണം പിടിച്ച വെട്ടം പഞ്ചായത്ത് നഷ്ടമാവുകയും വളവന്നൂർ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാമെന്ന മോഹത്തിന് തിരിച്ചടിയേൽക്കുകയും ചെയ്തു. തിരൂർ നഗരസഭയിൽ കഴിഞ്ഞ തവണ ലഭിച്ച 16 സീറ്റിൽ നിന്ന് ഇത്തവണ എട്ട് സീറ്റിലേക്ക് ഇടതു മുന്നണി കൂപ്പുകുത്തി. തിരൂർ നിയമസഭ മണ്ഡലത്തിൽ എൻ.ഡി.എക്കും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫ് പിന്തുണയോടെ തിരൂർ നഗരസഭയിൽ അക്കൗണ്ട് തുടങ്ങാനായത് വെൽഫെയർ പാർട്ടിക്ക് നേട്ടമായപ്പോൾ എസ്.ഡി.പി.ഐക്ക് ഒരു സീറ്റും നേടാനായില്ല. കക്ഷിനില തിരൂർ നഗരസഭ ആകെ സീറ്റ് - 40 യു.ഡി.എഫ് - 31 ( 2 സ്വതന്ത്രരും, ഒരു വെൽഫെയർ പാർട്ടിയും ഉൾപ്പെടെ), എൽ.ഡി.എഫ് - 8 എൻ.ഡി.എ - 1 ....... തലക്കാട് ആകെ സീറ്റ് -22 യു.ഡി.എഫ് - 12 ,എൽ.ഡി.എഫ് - 9, എൻ.ഡി.എ - 1 ........ വെട്ടം ആകെ സീറ്റ് -22 യു.ഡി.എഫ് - 17 ,എൽ.ഡി.എഫ് - 5, ...... ആതവനാട് ആകെ സീറ്റ് - 24 യു.ഡി.എഫ് - 21,ലീഗ് വിമതൻ - 1, എൽ.ഡി.എഫ് - 2 - വളവന്നൂർ ആകെ സീറ്റ് -21. യു.ഡി.എഫ് - 15,ലീഗ് സ്വതന്ത്രൻ - 1, എൽ.ഡി.എഫ് - 5 - കൽപകഞ്ചേരി ആകെ സീറ്റ് - 21 യു.ഡി.എഫ് - 18 എൽ.ഡി.എഫ് - 3 തിരുനാവായ ആകെ സീറ്റ് - 24 യു.ഡി.എഫ് -16,എൽ.ഡി.എഫ് - 8
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |