SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

ജില്ലാ പഞ്ചായത്തിലേക്ക് ജബ്ബാർ ഹാജിക്ക് മുൻതൂക്കം

Increase Font Size Decrease Font Size Print Page

മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേത്തുള്ള ചർച്ചയിൽ പി.എ.ജബ്ബാർ ഹാജിക്ക് മുൻതൂക്കം. വേങ്ങര ഡിവിഷനിൽ നിന്ന് വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രൻ പി.കെ.അസ്‌ലു,​ പുത്തനത്താണിയിൽ നിന്ന് വിജയിച്ച വെട്ടം ആലിക്കോയ എന്നിവരുടെ പേരുകളും ഉയർന്നെങ്കിലും നിലവിൽ ജബ്ബാർ ഹാജിക്കാണ് കൂടുതൽ സാദ്ധ്യത കല്പിക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് ചേർന്നാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനെ തീരുമാനിക്കുക. 12,​791 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അരീക്കോട് ഡിവിഷനിൽ നിന്ന് വിജയിച്ച ജബ്ബാർ ഹാജി മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ ശക്തനായ നേതാവും കൂടിയാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യപെട്ടിരുന്ന ജബ്ബാർ ഹാജിക്ക് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവി കൂടി വാഗ്ദാനം ചെയ്തിരുന്നെന്നാണ് സൂചന. പാർട്ടിയിലെ സ്ഥാനങ്ങളുടെയും സീനിയോറിറ്റിയുടെയും കാര്യത്തിൽ മുസ്‌ലിം ലീഗിന്റെ ജില്ലാ പഞ്ചായത്ത് വിജയികളിൽ ജബ്ബാർ ഹാജിയാണ് മുന്നിൽ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി അടുത്ത ബന്ധവും ജബ്ബാർ ഹാജിക്കുണ്ട്. മുസ്‌ലിം ലീഗിനും സാദിഖലി തങ്ങൾക്കുമെതിരെ സമസ്തയിലെ ലീഗ് വിരുദ്ധർ വിമർശനങ്ങൾ ഉയർത്തുമ്പോൾ സമസ്തയിൽ നിന്ന് പ്രതിരോധം തീർക്കാൻ മുന്നിലുണ്ടാവാറുണ്ട്. ഇക്കാര്യം കൊണ്ടുതന്നെ ജബ്ബാർ ഹാജിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സമസ്തയിലെ ലീഗ് വിരുദ്ധർ പ്രചാരണം നടത്തിയതും വിവാദമായിരുന്നു.

പഞ്ചായത്ത്,​ നഗരസഭ,​ ബ്ലോക്ക് പഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച അണിയറ ചർച്ചകളും മുസ്‌ലിം ലീഗിൽ സജീവമാണ്. അതത് ഇടങ്ങളിലെ പാർലമെന്ററി ബോർഡുകൾക്കാണ് അദ്ധ്യക്ഷരെ തിരഞ്ഞെടുക്കാനുള്ള ചുമതല നൽകിയിട്ടുള്ളത്. തർക്കങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ മാത്രം ജില്ലാ പാർലമെന്ററി ബോർഡ് ഇടപെടും.

15വർഷത്തിന് ശേഷം

  • ജില്ലാ പഞ്ചായത്തിൽ 15 വർഷത്തിനുശേഷമാണ് ജനറൽ വിഭാഗത്തിന് അദ്ധ്യക്ഷ സ്ഥാനം ലഭിക്കുന്നത്.
  • കഴിഞ്ഞ മൂന്ന് തവണയായി അദ്ധ്യക്ഷ പദവി സംവരണം ആയിരുന്നു.
  • ഇക്കാര്യം കൊണ്ടുതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് നോട്ടമിട്ടവർ ഏറെയുണ്ട്.
  • 33 ഡിവിഷനുകളിലും യു.ഡി.എഫ് വിജയിച്ചതോടെ ഇത്തവണ ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷമില്ലാത്ത ഭരണസമിതിയാവും.
  • ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ആവശ്യപ്പെടും.

തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നങ്ങളും എവിടെയും നിലനിൽക്കുന്നില്ല. അന്തിമ ചർച്ച പുരോഗമിക്കുകയാണ്.

പി.അബ്ദുൽ ഹമീദ് എം.എൽ.എ ,​ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY