
കോട്ടയം : യാത്രക്കാർക്ക് മരണക്കുരുക്ക് ഒരുക്കി താഴ്ന്നുകിടക്കുന്ന കേബിളുകൾ നീക്കാൻ നടപടിയില്ല. നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിലടക്കം അലക്ഷ്യമായി കേബിളുകൾ ഉപേക്ഷിച്ച നിലയിലാണ്. പുറത്തേക്ക് തള്ളിയും താഴേക്ക് വീണും കിടക്കുന്ന ഇവ അപകടക്കെണിയൊരുക്കുകയാണ്. കേബിളുകൾ വലിക്കുമ്പോൾ തറനിരപ്പിൽ നിന്ന് പാലിക്കേണ്ട ഉയരം പോലും പലയിടത്തും പാലിച്ചിട്ടില്ല. ചില സ്ഥലങ്ങളിൽ കേബിൾ ബോക്‌സ് കാൽനടയാത്രികരുടെ തലയിൽ മുട്ടുന്ന അവസ്ഥയിലുമാണ്. രാത്രി സമയത്ത് വെളിച്ചമില്ലാത്ത ഭാഗങ്ങളിൽ ഇത്തരം കേബിളുകൾ വലിയ അപകടത്തിന് ഇടവരുത്തിയേക്കും. ബസ് സ്റ്റോപ്പുകളിലടക്കം യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിലാണ് കേബിളുകൾ താഴ്ന്നു കിടക്കുന്നത്. കോപ്പർ കേബിളുകൾ ഒപ്ടിക് ഫൈബറിലേക്ക് വഴിമാറിയതോടെയാണ് പഴയത് മിക്ക പോസ്റ്റുകളുടെയും ചുവട്ടിൽ ഉപേക്ഷിക്കുന്ന പ്രവണതയേറിയത്. കൂടാതെ ലോറി, ട്രക്ക്, ടൂറിസ്റ്റ് ബസ് തുടങ്ങി ഉയരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ കേബിളിൽ കുരുങ്ങുന്നത് പതിവാണ്.
ടാഗ് ചെയ്തിരിക്കുന്നവ പേരിന് മാത്രം
തൂങ്ങി നിൽക്കുന്ന കേബിളുകൾക്ക് പലതിനും ഉടമസ്ഥരില്ല. മുറിച്ചു നീക്കിയ കേബിളുകളുകളാകട്ടെ നടപ്പാതകളിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. കേബിളിൽ കാൽതടഞ്ഞ് വീഴാനും സാദ്ധ്യതയേറെയാണ്. സ്വകാര്യ കേബിൾ ഏജൻസികൾ കെ.എസ്.ഇ.ബിയിൽ ഫീസടച്ച് അനുമതി വാങ്ങിയ ശേഷമാണ് വെദ്യുതിത്തൂണുകളിൽ ഉൾപ്പെടെ കേബിൾ സ്ഥാപിക്കുന്നത്. ഇതിന് കൃത്യമായ മാർഗരേഖയുമുണ്ട്. ടാഗ് ചെയ്തിരിക്കുന്നവ പേരിന് മാത്രമാണ്.
ബൈക്ക് യാത്രികനായ ഹോംഗാർഡിനും പരിക്ക്
കുമരകം ബോട്ട് ജെട്ടിയ്ക്ക് സമീപം വൈദ്യുതി പോസ്റ്റിൽ അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്ന കേബിളിൽ കുരുങ്ങി ബസ് യാത്രക്കാരനായ യുവാവിനും, ബൈക്ക് യാത്രക്കാരനായ ഹോംഗാർഡിനും പരിക്കേറ്റു. കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം കമലാ മന്ദിരത്തിൽ ഹരികൃഷ്ണൻ (26)ന്റെ കൈയ്യിലാണ് കേബിൾ കുരുങ്ങിയത്. കൈയ്ക്കും എല്ലിനും പരിക്കേറ്റു. ബൈക്കിൽ എത്തിയ കുമരകം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ചേർത്തല തൈക്കാട്ടുശ്ശേരിൽ അറയ്‌ക്കേപ്പറമ്പിൽ ഷൈൻ (43) ന്റെ കഴുത്തിലാണ് കേബിൾ ചുറ്റിയത്. ബൈക്കുമായി റോഡിൽ വീണ ഷൈനിന്റെ വാരിയെല്ലിനാണ് പരിക്ക്. വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലേക്ക് മാറ്റി.
''ഏറെ തിരക്കുള്ള നഗരത്തിന്റെ ഹൃദയഭാഗത്തെ തൂണുകളിൽ അപകടം ഒളിപ്പിച്ച് കേബിൾ കുരുക്കുകൾ അവശേഷിക്കുകയാണ്. രാത്രിയിൽ ഇവ കാണാൻ പോലും സാധിക്കില്ല. എത്രയും വേഗം ഇവ നീക്കം ചെയ്യണം.
(യാത്രക്കാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |