
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ വാണിജ്യക്ഷമത ഉയർത്തുന്നതിനാവശ്യമായ സുസ്ഥിര ഉത്പാദന സഖ്യങ്ങൾ നിലവിൽ വരുന്നു. ഉത്പാദകരായ ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളും (FPC), അവരുടെ കാർഷികോൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറുള്ള അനുയോജ്യരായ ബിസിനസ് പങ്കാളികളെയും കൂട്ടിയിണക്കുന്ന പ്രൊഡക്ടിവ് അലയൻസുകളാണ് രൂപവൽക്കരിക്കുക.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന “കേര” പദ്ധതിയിലൂടെയാണ് പുതിയ പദ്ധതിയ്ക്ക് തുടക്കമാവുന്നത്. കേരളത്തിലുൽപ്പാദിപ്പിക്കുന്ന വിളകൾ രാജ്യാന്തര വിപണിയിലെത്തിക്കുവാനും, കർഷകർക്ക് മികച്ച വിലയും അതോടൊപ്പം സുസ്ഥിരമായ വാണിജ്യ സങ്കേതവും ലക്ഷ്യംവയ്ക്കുന്നതാണ് പദ്ധതി. മൂന്നു മേഖലകളായി തിരിച്ച് 150 വ്യത്യസ്ത പ്രൊഡക്ടീവ് അലയൻസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ആദ്യ ഘട്ടത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിലായി 50 സഖ്യങ്ങൾ രൂപവൽക്കരിക്കും. പിന്നീട് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഫാർമർ പ്രൊഡ്യൂസർ കമ്പനികളും, വാണിജ്യ കമ്പനികളും ചേർന്നുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉത്പാദന സഹായം, ബിസിനസ് വിപുലീകരണം എന്നിവക്കായി മൊത്തം ചെലവിന്റെ അറുപത് ശതമാനമായിരിക്കും 'കേര' യിലൂടെ ഗ്രാന്റായി നൽകുക. പരമാവധി രണ്ടുകോടി രൂപ വരെ ഗ്രാന്റ് നൽകും. തുടർന്ന് മൂന്നു വർഷത്തെ സാങ്കേതിക സഹായവും ലഭ്യമാക്കും.
പദ്ധതിയിൽ പങ്കുചേരുന്നതിനായി, ചുരുങ്ങിയത് 10 കോടി രൂപ വിറ്റുവരവുള്ള കർഷക-കാർഷികേതര കമ്പനികൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവർ ഡിസംബർ 31 നകം https://pa.kera.kerala.gov.in/auth/login എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ചുരുങ്ങിയത് മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള 200 അംഗബലമുള്ളതും പത്ത് ലക്ഷം വിറ്റുവരവുള്ളതുമായ ഫാർമർ പ്രൊഡ്യൂസർ കമ്പനികളും ഈയവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. പദ്ധതിയിലൂടെ വിദേശ കമ്പനികളുമായുള്ള സഹകരണവും ലക്ഷ്യംവയ്ക്കുന്നുണ്ട്. ഫോൺ: +91 9037824038.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |