
തൃശൂർ: അങ്കണവാടിയിലുണ്ടായ കടന്നൽ ആക്രമണത്തിൽ കുട്ടികൾക്കും അങ്കണവാടി ഹെൽപ്പർക്കും ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്. വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166-ാം നമ്പർ അങ്കണവാടിയിൽ ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം.
കടന്നൽ കുത്തേറ്റ അഞ്ച് കുട്ടികളെയും ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പുംകാവിൽ വീട്ടിൽ ശോഭന (56), പ്രദേശവാസികളായ ആശാവർക്കർ ബോബി വർഗീസ് (55), ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവരെ നാട്ടുകാരുടെ നേതൃത്വത്തിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് ഏഴ് കുട്ടികളാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിക്കുകയായിരുന്നു. സമീപത്തെ പറമ്പിൽ പ്ലാവിൻ കൊമ്പിൽ നിന്ന് കൂടിളകിയ കടന്നൽ കുട്ടികൾക്ക് നേരെ പാഞ്ഞടുത്തു എന്നാണ് വിവരം. കെട്ടിടത്തിനുള്ളിലേക്ക് ഓടിയ കുട്ടികളെ പൊതിഞ്ഞുപിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശോഭനയെ കടന്നൽ കൂട്ടത്തോടെ ആക്രമിച്ചത്. റോഡിലേക്ക് ഓടിയിറങ്ങിയ ഇവർ റോഡരികിലെ കാനയിൽ വീണു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |