ആലപ്പുഴ: ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കാൻ കുടുംബശ്രീ കേക്കുകൾ എത്തി. സംസ്ഥാനത്ത് 850ലേറെ കുടുംബശ്രീ യൂണീറ്റുകളാണ് കേക്ക് തയ്യാറാക്കുന്നത്. ജില്ലയിൽ 118 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ആവശ്യക്കാർക്ക് കുടുംബശ്രീ പോക്കറ്റ് മാർട്ട് വഴി ഇന്നുമുതൽ ഓൺലൈനായി ഓർഡർ ചെയ്യാം. ഇവ വീടുകളിലെത്തിക്കും. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകൾ വൻ വിജയമായിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രിസ്മസിനും പദ്ധതിയുമായി എത്തിയത്. ഓരോ ജില്ലയിലെയും കേക്ക് തയ്യാറാക്കുന്ന യൂണീറ്റുകളുടെ വിശദാംശങ്ങൾ അടങ്ങിയ ഡയറക്ടറി മന്ത്രി എം.ബി. രാജേഷ് പുറത്തിറക്കി. ആവശ്യക്കാർക്ക് അടുത്തുള്ള യൂണീറ്റുകൾ മുഖേന ബന്ധപ്പെടാം.
പ്ലംകേക്ക് മുതൽ ക്രീം കേക്ക് വരെ ലഭിക്കും. വാനില, വൈറ്റ് ഫോറസ്റ്റ്, ചോക്ക്ളേറ്റ്, റെഡ് വെൽവെറ്റ്, വാഞ്ചോ, ബനാന, ക്യാരറ്റ്, റിച്ച് പ്ലം കേക്ക്, പ്ലം കേക്ക് എന്നിങ്ങനെ വിവിധ ഫ്ലേവറുകളിലുള്ള കേക്കുകളുണ്ടാകും. പ്രാദേശിക അടിസ്ഥാനത്തിൽ വിലയിൽ മാറ്റം വന്നേക്കാം.
മേളകൾ വഴിയും കേക്ക് വിൽപ്പന
ജില്ലയിൽ കുടുംബശ്രീ ക്രിസ്മസ് മേളകൾ വഴിയും കേക്കുകൾ എത്തിക്കും. ജില്ലാതലം, ബ്ലോക്ക്, സി.ഡി.എസ് തലം എന്നിങ്ങനെയാണ് മേളകൾ
ജില്ലാതലത്തിൽ രണ്ട് മേളകളുണ്ടാകും കായംകുളം, കണിച്ചുകുളങ്ങര എന്നിങ്ങനെ രണ്ട് മേളകളാണ് ഉദ്ദേശിച്ചിരിക്കുന്നത്
ഇവ 22 മുതൽ പുതുവത്സരം വരെ ഉണ്ടാകും. ഇതുകൂടാതെ പ്രാദേശിക തലത്തിലും കേക്ക് വില്പനയുണ്ടാകും.
കേക്ക് നിർമ്മാണ യൂണിറ്റുകൾ - 118
വില - ₹400- 1200 (കിലോഗ്രാമിന്)
പരിശീലനം ലഭിച്ചവരാണ് കേക്ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വില്പനയിലൂടെ ലഭിക്കുന്ന ലാഭം സംരംഭകർക്ക് തന്നെ എടുക്കാം. കേക്ക് വിൽക്കാനായി മേളകളിൽ പ്രത്യേക സൗകര്യവും ഉണ്ടാകും
എസ്. രഞ്ജിത്, ജില്ലാ കോഓർഡിനേറ്റർ, ജില്ലാ കുടുംബശ്രീ മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |