അമ്പലപ്പുഴ: ഞായറാഴ്ച പഞ്ചായത്ത് അംഗങ്ങൾ ചുമതലയേൽക്കാനിരിക്കെ എൽ.ഡി.എഫിന് മുൻതൂക്കമുള്ള അമ്പലപ്പുഴ തെക്ക് ,വടക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിൽ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് പദവികളിൽ ഏകദേശധാരണയായി. അമ്പലപ്പുഴ തെക്കിൽ ആകെയുള്ള 17 സീറ്റുകളിൽ എട്ടെണ്ണം എൽ.ഡി.എഫിനാണ്. യു.ഡി.എഫിന് അഞ്ചും എൻ.ഡി.എക്ക് അഞ്ചും സീറ്റുകളാണുള്ളത്.
ഇവിടെ എൽ.ഡി.എഫിലെ ശ്രീജ രതീഷ് പ്രസിഡന്റായേക്കും. 2015 ലെ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. സി.പി.ഐയും പ്രസിഡന്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ആദ്യത്തെ രണ്ടരവർഷം പ്രസിഡന്റ് പദവി പങ്കിട്ട കവിതയെയാണ് സി.പി.ഐ ഉയർത്തിക്കാട്ടുന്നത്. മുൻ പഞ്ചായത്ത് അംഗമായിരുന്ന സുരേഷ് ബാബുവിനാകും വൈസ് പ്രസിഡന്റ് പദവി ലഭിക്കുക. അമ്പലപ്പുഴ വടക്കിൽ ആകെയുള്ള 20 സീറ്റിൽ എൽ.ഡി.എഫിന് ഒമ്പത് സീറ്റാണുള്ളത്. വനിത സംവരണമായ ഇവിടെ അനിത സതീഷിനാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാധ്യത. കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. മുമ്പ് ഗ്രാമപഞ്ചായത്തംഗവുമായിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 18 ാം വാർഡ് അംഗം പി.ശശിയാണ് പരിഗണനയിലുള്ളത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരിസും പട്ടികയിലുണ്ട്. ഇവിടെ യു.ഡി.എഫിന് മൂന്നും എൻ.ഡി.എക്കും വെൽഫെയർ പാർട്ടിക്കും ഒന്നുവീതവും എസ്.ഡി.പി.ഐക്ക് ആറും സീറ്റുകളാണുള്ളത്. പുന്നപ്ര വടക്ക് പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ പത്തിലും എൽ.ഡി.എഫിന് വിജയം കൈവരിക്കാനായി. വനിത സംവരണമായ ഇവിടെ എട്ടാം വാർഡ് അംഗം അജിതശശി പ്രസിഡന്റാകാനാണ് സാധ്യത. കഴിഞ്ഞ തവണ പഞ്ചായത്തംഗമായിരുന്നു.ഇവിടെ സി.പി.ഐക്കാകും വൈസ് പ്രസിഡന്റ് പദവി. ജയപ്രസന്നനാണ് സാധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |