
കണ്ണൂർ: വിദ്യാർത്ഥികളുടെ സംരംഭകത്വ കഴിവുകൾ വളർത്തുന്നതിന് ഊന്നൽ നൽകി കണ്ണൂർ സർവ്വകലാശാലാ ബഡ്ജറ്റ്.വിദ്യാർഥികളുടെ സംരംഭകത്വവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിനുള്ള നവോത്ഥാന കേന്ദ്രങ്ങൾ രൂപപ്പെടുത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫ്രീഡം സ്‌ക്വയർ എന്ന നവീന സംരംഭം സർവ്വകലാശാലയിൽ നടപ്പാക്കുമെന്നതാണ് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ ഡോ.പി.കെ.സജിത അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനം
സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന 47.76 കോടി കണക്കാക്കിയാണ് പദ്ധതി ചെലവുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇരുപതിനായിരം ചതുരശ്ര അടിയാണ് വിസ്തീർണത്തിൽ ഒരുക്കുന്ന ഫ്രീഡം സ്‌ക്വയറിൽ ടിങ്കർ ലാബുകൾ, മേക്കർ സ്‌പേസുകൾ, പരീക്ഷണ സ്റ്റേഷനുകൾ. കോവർക്കിംഗ് ഏരിയകൾ, ഫുഡ് കോർട്ടുകൾ, ഗെയിമിംഗ് സോണുകൾ, ആംഫി തിയേറ്ററുകൾ, വെൽനസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തും. ഹൈസ്പീഡ് ഇന്റനെറ്റ് സംവിധാനത്തോടൊപ്പം സ്ത്രീകൾക്കും ദിന്നശേഷിക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാനാകുന്ന വിധത്തിലാണ് ഈ സംരംഭം ആവിഷ്‌കരിക്കുന്നത്.ഇന്നോവേറ്റീവ് ആന്റ് എന്റർപ്രണർഷിപ്പ് സംരംഭങ്ങൾ, അക്കാഡമിക് സ്റ്റുഡൻസ് സപ്പോർട്ട് സ്‌കീമുകൾ എന്നിവക്ക് ബഡ്ജറ്റിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.
ഉത്തര മലബാറിലെ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾ വിലയിരുത്തുന്നതിനു വേണ്ടി ഗവേഷണ പ്രോജക്ടുകൾക്ക് ധനസഹായം നൽകും.സെന്റർ ഫോർ ഫോറിൻ ലാംഗ്വേജ് സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. ജെറിയാട്രിക് പരിപാലന പരിശീലനത്തിന് നൂതന പദ്ധതി ആവിഷ്‌കരിക്കും. മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും നൽകും. ഐ.ബി.എം സെന്റർ ഓഫ് എക്സലൻസ് ഫോർ ഇന്റെൻസീവ് സ്‌കില്ലിംഗ് ആൻഡ് റിസേർച്ച് ആക്ടിവിറ്റീസ് സ്ഥാപിക്കുന്നതിനായി ബഡ്ജറ്റിൽ 50 ലക്ഷം രൂപയും വകയിരുത്തി.
വൈസ് ചാൻസലർ പ്രൊഫ. കെ.കെ.സാജു അദ്ധ്യക്ഷത വഹിച്ച സിൻഡിക്കറ്റ് യോഗം ബഡ് ജറ്റ് അംഗീകരിച്ചു. രജിസ്ട്രാർ ജോബി കെ.ജോസ്, സിൻഡിക്കറ്റ് അംഗങ്ങളായ എൻ.സുകന്യ, പ്രമോദ് വെള്ളച്ചാൽ, ഡോ.എ.അശോകൻ, ഡോ.കെ.ടി.ചന്ദ്രമോഹനൻ, ഇസ്മയിൽ ഓലായിക്കര എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ സർവകലാശാല 2026-27 ബഡ്ജറ്റ്
വരവ് 373.81 കോടി
ചിലവ് 366.80 കോടി
നീക്കിയിരിപ്പ് 7.01 കോടി
പദ്ധതികൾ വേറെയും
സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്മാർട്ട് ക്ലാസുകൾ
കെ സ്യൂട്ട് സോഫ്റ്റ്‌വെയറിന് 20 ലക്ഷം
സർവ്വകലാശാല യൂണിയന് 61.5 ലക്ഷം
പരീക്ഷ നടത്തിപ്പും മൂല്യനിർണയവും സമയബന്ധിതമാക്കാൻ 1244 ലക്ഷം
ഭിന്നശേഷി വിദ്യാർത്ഥി ക്ഷേമത്തിന് 4 ലക്ഷം
ശാസ്ത്ര മാനവിക വിഷയങ്ങളിലെ ഫെസ്റ്റുകൾക്ക് 10 ലക്ഷം
ഡി സി ബി സോഫ്റ്റ് വെയർ 20 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |