
കൊല്ലം: തിരുമുല്ലവാരം മനയിൽകുളങ്ങരയിൽ ആൾത്താമസമില്ലാത്ത വീടിന് സമീപം കാടുപിടിച്ചുകിടക്കുന്ന പറമ്പിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. മനയിൽകുളങ്ങര ചേരിയിൽ എം.കെ.ആർ.എ 137 ശ്രീലതിയിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ വീടിന് പിന്നിലെ കാർ ഷെഡിന് സമീപത്താണ് അസ്ഥികൂടം കണ്ടെത്തിയത്.
കടുംനീല ഷർട്ടിനും കറുത്ത ലോവർ പാന്റ്സിനും ഉള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
കുറഞ്ഞത് മൂന്നുമാസം പഴക്കം കണക്കാക്കുന്നു. മാംസം പൂർണമായും വസ്ത്രത്തിനുള്ളിലിരുന്ന് ദ്രവിച്ചിട്ടുണ്ട്. ഷർട്ടിന്റെ ഒരു ബട്ടൺസ് മാത്രമാണ് ഇട്ടിരുന്നത്. കഴുത്തിലെ അസ്ഥിക്ക് ചുറ്റും കൃപാസന മാതാവിന്റെ ലോക്കറ്റുള്ള ഫാൻസി മാല കുരുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടത് കൈത്തണ്ടയിൽ പച്ച കുത്തിയതിന്റെ അടയാളം തൊലിപ്പുറത്തുണ്ട്. ഉദ്ദേശം 170 സെന്റി മീറ്റർ നീളമുള്ളയാളിന്റേതാണെന്ന് കരുതുന്നു. പരമേശ്വരൻപിള്ളയുടെ കുടുംബാംഗങ്ങൾ സമീപത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. തേങ്ങ അടർത്താൻ ചുമതലപ്പെടുത്തിയിരുന്ന ചവറ സ്വദേശിനി ഇന്നലെ തൊഴിലാളികളുമായി എത്തിയപ്പോഴാണ് കാടുമൂടിയ ഭാഗത്ത് രാവിലെ 10.30 ഓടെ അസ്ഥികൂടം കണ്ടെത്തിയത്. സമീപത്ത് നിന്ന് ലൈറ്ററും സിറിഞ്ചും കൊതുക് തിരിയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ വീടിന്റെ പറമ്പിൽ തമ്പടിച്ചിരുന്നയാൾ ഇവിടെ കിടന്ന് മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ പരേതയായ രശ്മി നായരുടെ വീടാണിത്. അഞ്ച് വർഷത്തോളമായി ഇവിടെ ആൾതാമസം ഇല്ലായിരുന്നു. അതിന് മുമ്പ് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. എ.സി.പി ഷെരീഫ്, എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ അൻസർഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലത്ത് നിന്ന് ഫോറൻസിക് വിഭാഗം, ഫിംഗർ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചശേഷം അസ്ഥികൂടവും അവശിഷ്ടങ്ങളും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീപകാലത്ത് കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |