
ഈറോഡ്: 'ഡി.എം.കെ ദുഷ്ട ശക്തിയാണ്. ഈ ദുഷ്ട ശക്തിയിൽ നിന്ന് തമിഴ്നാടിനെ രക്ഷിക്കാനുള്ള മരുന്നാണ് ടി.വി.കെ" -
തമിഴ്നാട്ടിലെ സേലത്തെ ഇളക്കി മറിച്ചുകൊണ്ട് വിജയ് പറഞ്ഞു. കരൂർ ദുരന്തത്തിനുശേഷം തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തമിഴ്നാട്ടിലെ ആദ്യ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണ്ണാദുരൈയും എം.ജി.ആറും ആരുടേയും സ്വകാര്യ സ്വത്തല്ല. പെരിയാറിന്റെ പേരുപറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡി.എം.കെയാണ് പ്രധാന എതിരാളി. ബി.ജെ.പിക്കിവിടെ പ്രസക്തിയില്ല. കളത്തിലില്ലാത്തവരെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും വിജയ് പറഞ്ഞു.
അണ്ണാ ഡി.എം.കെ വിട്ട് ടി.വി.കെയിലെത്തിയ കെ. സെങ്കോട്ടയ്യന്റെ ജന്മനാടായ വിജയമംഗലത്തിനു സമീപമായിരുന്നു സമ്മേളനം. സെങ്കോട്ടയ്യന്റെ വരവ് ഞങ്ങൾക്ക് വലിയ ശക്തിയാണ്. അദ്ദേഹത്തെപ്പോലുള്ള നിരവധി പേർ ഇനിയും വരാനിരിക്കുന്നു. അവർക്കെല്ലാം അർഹമായ അംഗീകാരം നൽകും. പൊള്ളയായ വാഗ്ദാനങ്ങളാണ് ഡി.എം.കെ സർക്കാരിന്റേത്. അവർ വിജയ്‌യെക്കുറിച്ച് അപവാദങ്ങൾ പറയുന്നു. ജനങ്ങൾക്ക് എല്ലാ തന്ത്രങ്ങളും അറിയാം. ഇന്നും ഇന്നലെയുമുള്ള ബന്ധമല്ല എനിക്ക് ജനത്തോട്. ഞാൻ സിനിമയിൽ വരുമ്പോൾ പത്ത് വയസാണ്. അതിനുശേഷം ഈ ബന്ധം ആരംഭിച്ചെന്നും എന്തുവന്നാലും ജനം എനിക്കൊപ്പം നിൽക്കുമെന്നും അവർക്ക് അറിയില്ലായിരുന്നു- കരൂർ ദുരന്തത്തെ തുടർന്നുള്ള സംഭവങ്ങൾ ധ്വനിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞപ്പോൾ ജനം ഇളകി.
'ഞാൻ നിങ്ങളെ വിശ്വസിച്ചാണ് വന്നത്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും. പരിധികളില്ലാതെ എന്നെ സ്‌നേഹിക്കുന്ന 'മാസ്" (ജനം) ആണ് എന്റെ ശക്തി" - വിജയ് പറഞ്ഞു.
' ഇറങ്ങി വന്നാൽ ഉമ്മ "
വിജയ് സംസാരിച്ചുകൊണ്ടിരിക്കെ ഒരു പ്രവർത്തകൻ ഉയരത്തിലുള്ള തൂണിൽ കയറി. അതോടെ ബഹളമായി. വിജയ് ശ്രദ്ധിച്ചു, 'സഹോദരാ, ദയവായി ഇറങ്ങിവരൂ. ഇറങ്ങിവന്നാൽ മാത്രമേ ഞാൻ നിന്നെ ചുംബിക്കുകയുള്ളൂ" എന്ന് പറഞ്ഞു. ഉടനെ അയാൾ ഇറങ്ങി.
പൊതുയോഗത്തിൽ പങ്കെടുത്ത പ്രവർത്തകർക്കൊപ്പം വിജയ് സെൽഫി എടുത്തു. സെങ്കോട്ടയ്യൻ വിജയ്ക്ക് ചെങ്കോൽ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |