
അറ്റലാന്റാ:ദോഹയിൽ നിന്ന് യുഎസിലെ അറ്റ്‌ലാന്റയിലെ വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിച്ച വിമാനം കനത്ത കാറ്റിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് അദ്ഭുതകരമായി.ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.ദോഹയിൽ നിന്ന് ഹാർട്ട്‌സ്‌ഫീൽഡ്–ജാക്സൺ വിമാനത്താവളത്തിലേയ്ക്ക് പോയ ഖത്തർ എയർവേസിന്റെ ക്യുആർ 755 (QR755) എന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് ‘ഗോ-എറൗണ്ട്’ നടത്തിയത്.
ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം പറന്നുപൊങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ലാൻഡ് ചെയ്യാൻ താഴ്ന്ന് പറന്നെങ്കിലും റൺവേയ്ക്ക് തൊട്ടടുത്ത് ലാൻഡിങ് ശ്രമം ഉപേക്ഷിച്ചു. വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരസുന്നതിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വിൻഡ് ഷിയർ കാരണമാണ് ഇത്തരമോരു അപകടം സംഭവിക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നു.
വിൻഡ് ഷിയർ
കാറ്റിന്റെ വേഗത്തിലും ദിശയിലും പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് വിൻഡ് ഷിയർ.വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ഇത് വലിയ ഭീഷണിയാകാറുണ്ട്. ലാൻഡിങ് സമയത്ത് പെട്ടെന്ന് കാറ്റിന്റെ ഗതി മാറിയാൽ വിമാനത്തിന്റെ വേഗത്തിനെയോ ലിഫ്റ്റിനെയോ ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിമിഷനേരം കൊണ്ട് തീരുമാനം എടുക്കാൻ പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്.
ഗോ-എറൗണ്ട്
വിമാനയാത്രയിൽ തികച്ചും സ്വാഭാവികമായ ഒരു സുരക്ഷാ മുൻകരുതലാണ് ഗോ-എറൗണ്ട്. ലാൻഡിങ് സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടാൽ വിമാനം നിലത്തിറക്കാതെ വീണ്ടും പറന്നുയരുന്ന രീതിയാണിത്. കാഴ്ച്ച മങ്ങുക, റൺവേയിലെ തടസ്സങ്ങൾ, വിമാനം തമ്മിലുള്ള അകലം കുറയുക, കാറ്റിന്റെ ഗതിമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ ഗോ-എറൗണ്ട് നിർദ്ദേശിക്കാറുണ്ട്.
ക്രോസ് വിൻഡ്
എതിർ വശങ്ങളിൽ നിന്നു വരുന്ന കാറ്റിനെയാണ് ക്രോസ് വിൻഡ് എന്നു പറയുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലൊക്കെ ക്രോസ് വിൻഡ് അടിച്ചാൽ വിമാനം സുഖകരമായി ലാൻഡ് ചെയ്യുക ബുദ്ധിമുട്ടാണ്.ശക്തമായ ക്രോസ് വിൻഡ് അടിക്കുന്ന സമയത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനെ ക്രാബ് ലാൻഡിങ് എന്നാണ് പറയുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ വിമാനം ചെരിച്ച് പറത്തിയാണ് റൺവേയിലിറക്കുക. ഇതിനാൽ തന്നെ കാറ്റിന്റെ ശക്തിയിൽ വിമാനം ചെരിഞ്ഞാലും റൺവെ വിട്ട് പുറത്തുപോകില്ല.ലോകത്ത് നിരവധി വിമാന അപകടങ്ങൾക്ക് ക്രോസ് വിൻഡ് കാരണമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |