
തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം കാര്യവട്ടം എൽ.എൻ.സി.പി.ഇ ഓവറാൾ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ആദ്യ ദിനം മുന്നിലായിരുന്ന കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിനെ മറികടന്നാണ് എൽ.എൻ.സി.പി.ഇയുടെ കുതിപ്പ്. എൽ.എൻ.സി.പി.ഇക്ക് 125 പോയിന്റും ടി.കെ.എമ്മിന് 108 പോയിന്റുമാണുള്ളത്. പുരുഷ വിഭാഗത്തിൽ ടി.കെ.എമ്മും വനിതാവിഭാഗത്തിൽ എൽ.എൻ.സി.പി.ഇയുമാണ് മുന്നിൽ.
ഇന്നലെ രണ്ട് മീറ്റ് റെക്കാഡുകളാണ് പിറന്നത്. 4-400 മീറ്റർ മിക്സഡ് റിലേയിൽ യൂണിവേഴ്സിറ്റി കോളേജ് ടീമും ഹാമർ ത്രോയിൽ എൽ.എൻ.സി.പിയുടെ ശ്രീയാംശ് തിവാരിയുമാണ് റെക്കാഡ് നേടിയത്. റിലേയിൽ ശ്രീവിഷ്ണു, അദ്വൈദ്, നജ, അൽന സത്യൻ എന്നിവരടങ്ങിയ ടീം 3 മിനിട്ട് 45.88 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റെക്കാഡിട്ടത്. 51.02 മീറ്റർ എറിഞ്ഞാണ് ശ്രീയാംശിന്റെ റെക്കാഡ്.
ഇന്നലെ നടന്ന വനിതകളുടെ 800 മീറ്ററിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെ എസ്. വാണിയും 10000 മീറ്ററിൽ എൽ.എൻ.സി.പി.ഇയുടെ നീത സുധീഷും 100 മീറ്റർ ഹഡിൽസിൽ എസ്.എൻ ചെമ്പഴന്തിയുടെ നയന ജോസും ഒന്നാമതെത്തി. പുരുഷ 10000 മീറ്ററിൽ എസ്.എൻ പുനലൂരിന്റെ പി.എസ് ശ്രീക്കുട്ടനും 110 മീറ്റർ ഹഡിൽസൽ മാർ ഇവാനയോസിന്റെ കരൺജിത്തും സ്വർണം നേടി. പുരുഷ- വനിതാ 400 മീറ്റർ ഹഡിൽസിൽ ടി.കെ.എമ്മിന്റെ ബി.അബിമോനും ജോഹിത ജോൺസണും സ്വർണം നേടി. പുരുഷ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഫാത്തിമ മാതാ കോളേജിലെ ബി.എസ് ശിവയും വനിതാ സ്റ്റീപ്പിൾ ചേസിൽ അഞ്ചൽ സെന്റ് ജോൺസിലെ ഐറിൻ സജിയും ഒന്നാമതെത്തി. വനിതകളുടെ ലോംഗ്ജമ്പിൽ എൽ.എൻ.സി.പി.ഇയിലെ ശ്രിജിതയും പുരുഷ ലോംഗ്ജമ്പിൽ ടി.കെ.എമ്മിലെ വി.വൈശാഖും സ്വർണം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |