
മധുരമൂറുന്ന ലഡു കഴിക്കാൻ കൊതിയില്ലാത്തവരുണ്ടോ? പലകാരണങ്ങൾ കൊണ്ടും നാം ലഡു കഴിക്കാറില്ല. അവയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവുതന്നെയാണ് പ്രധാന കാരണം. എന്നാൽ ഹെൽത്തി ആയിട്ടുള്ള ഒരു ലഡുവാണ് കിട്ടുന്നതെങ്കിലോ? അമിതവണ്ണം കുറയ്ക്കാനും മുടിവളർച്ചയ്ക്കും സഹായിക്കുന്നതരത്തിലുള്ള ഒരു ഹെൽത്തി ലഡു തയ്യാറാക്കിയാലോ. വർക്കൗട്ട് ചെയ്യുന്നവർ ദിവസവും ഈ ലഡു കഴിക്കുകയാണെങ്കിൽ വെറും ഒരുമാസംകൊണ്ട് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ കഴിയും.
ആവശ്യമായ സാധനങ്ങൾ
നെയ്യ്, ഈന്തപ്പഴം, ബദാം, അണ്ടിപരിപ്പ്. വാൾനട്ട്, കപ്പലണ്ടി, തണ്ണിമത്തൻ വിത്ത്, പംകിൻ വിത്ത്, വെള്ള എള്ള്, പോപ്പി സീഡ്, തേങ്ങ ചിരകിയത്, ജാതിക്കപ്പൊടി.
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിലേക്ക് ഒരു ടീസ്‌പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് 250 ഗ്രാം കുരുകളഞ്ഞ മൃദുവായ ഈന്തപ്പഴം ചേർക്കുക. നന്നായിട്ട് ഇളക്കുക. നെയ്ക്ക് പകരം ഒലീവ് ഓയിലായാലും മതി. ഈന്തപ്പഴം അഞ്ച് മിനിട്ടെങ്കിലും ചെറിയ തീയിൽ ഇളക്കിയെടുക്കുക. ശേഷം ഈന്തപ്പഴത്തെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
ഈന്തപ്പഴം ഇളക്കിയ പാത്രത്തിൽ തന്നെ വീണ്ടും ഒരു ടീസ്‌പൂൺ നെയ്യ് എടുക്കുക. അതിലേക്ക് കാൽ കപ്പ് വീതം ബദാം, അണ്ടിപരിപ്പ്, പിസ്ത, രണ്ട് ടേബിൾ സ്പൂൺ വാൾനട്ട്, കപ്പലണ്ടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഏകദേശം മൂന്ന് മിനിട്ടെങ്കിലും ഇളക്കുക.
ശേഷം മറ്റൊരു പാത്രത്തിൽ വീണ്ടും ഒരു ടീസ്‌പൂൺ നെയ്യ് എടുത്ത് കാൽ കപ്പ് തണ്ണിമത്തൽ വിത്ത്, പംകിൻ വിത്ത്, വെള്ള എള്ള്, രണ്ട് ടീസ്പൂൺ പോപ്പി സീഡ്, രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മൂന്ന് മിനിട്ടെങ്കിലും ഇത് ചെയ്യണം. ശേഷം വലിയൊരു പാത്രത്തിലേക്ക് ഈ സാധനങ്ങൾ മാറ്റുക അതിലേക്ക് ഈന്തപ്പഴവും ഒരു ടേബിൾസ്‌പൂൺ ജാതിക്കപ്പൊടിയും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ലഡുവിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ ലഡു ഫ്രിഡ്ജിലോ അല്ലാതെയോ സൂക്ഷിക്കാം. ഇത് ഒരു മാസം ഓരോന്നുവീതം കഴിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |