കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ കന്നിക്കിരീടം നേടി കണ്ണൂർ വാരിയേഴ്സ് എഫ്.സി. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ നടന്ന രണ്ടാം സീസൺ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഏകഗോളിന് തൃശൂർ മാജിക് എഫ്.സിയെ കീഴടക്കിയാണ് കണ്ണൂർ കപ്പുയർത്തിയത്. 18-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് അസിയർ ഗോമസാണ് കണ്ണൂരിന്റെ വിജയഗോൾ നേടിയത്. രണ്ടാം പകുതിയിൽ പത്തുപേരുമായി കളിച്ചിട്ടും കീഴടങ്ങാൻ കൂട്ടാക്കാതെ കണ്ണൂർ സ്വന്തം കാണികൾക്ക് മുന്നിൽ പോരാടി ജയിക്കുകയായിരുന്നു. ഈ സീസണിൽ ഹോംഗ്രൗണ്ടായി ലഭിച്ച കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വാരിയേഴ്സിന്റെ ആദ്യ ജയമായിരുന്നു ഇത്.
ആരവവും ആവേശവും നിറഞ്ഞ മത്സരത്തിൽ പരുക്കൻ പ്രയോഗങ്ങളും നിറഞ്ഞതോടെ കാർഡുകളുടെ കളിയ്ക്കും വഴിയൊരുങ്ങിയിരുന്നു. 13-ാം മിനിട്ടിൽ കണ്ണൂരിന്റെ അശ്വിനെ ഫൗൾ ചെയ്തതിന് തൃശൂർമാജിക് താരം മാർക്കസ് ജോസഫിന് മഞ്ഞക്കാർഡ് ലഭിച്ചു. 15-ാം മിനിട്ടിൽ വലത് വിംഗിൽ നിന്ന് സിനാൻ നൽകിയ ക്രോസ് സെക്കൻഡ് പോസ്റ്റിൽ നിന്നിരുന്ന അസിയർ ഗോമസ് വലയിലേക്ക് ഹെഡ് ചെയ്തത് തൃശൂർ പ്രതിരോധ താരം തേജസ് കൃഷ്ണ കൈകൊണ്ടാണ് തടുത്തത്. ആദ്യം റഫറി പെനാൽറ്റി വിളിച്ചില്ലെങ്കിലും കണ്ണൂർ താരങ്ങൾ അപ്പീല്‍ ചെയ്തതോടെ വീഡിയോ റഫറിയുടെ തീരുമാനം കണക്കിലെടുത്ത് പെനാൽറ്റി അനുവദിച്ചു. അസിയർ ഗോമസ് പെനാൽറ്റി ഗോളാക്കി ആതിഥേയരെ മുന്നിലെത്തിച്ചു.
25ാം മിനിട്ടിൽ കണ്ണൂരിന് അടുത്ത അവസരം ലഭിച്ചതാണ്. കീൻ ലെവിസിന്റെ ലോംഗ് ത്രോ ഓടിയെടുത്ത ഷിജിൻ ബോക്‌സിന് പുറത്ത് നിന്ന് വല ലക്ഷ്യമാക്കി ഷോട്ടുതിർത്തെങ്കിലും തൃശൂരിന്റെ ഗോളി കമാലുദ്ദീൻ മനോഹരമായി തട്ടി അകറ്റി. 33-ാം മിനിട്ടിൽ തൃശൂരിന് സുവർണാവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഒരു ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് തേജസ് ഗോളി മാത്രമുണ്ടായിരുന്നപ്പോൾ ബാറിന് മകളിലൂടെ അടിച്ചുകളയുകയായിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്ത് കണ്ണൂരിന്റെ പ്രതിരോധ താരം സച്ചിൻ സുനിലിന് റെഡ് കാർഡ് ലഭിച്ചു.
എസ്.എൽ.കെ സീസൺ അവാർഡുകൾ
മികച്ച താരം: മുഹമ്മദ് അജ്‌സൽ (കാലിക്കറ്റ് എഫ്.സി) - 7 ഗോൾ
ടോപ് സ്‌കോറർ: ജോൺ കെനഡി (മലപ്പുറം എഫ്.സി) - 8 ഗോൾ
എമേർജിംഗ് താരം: മുഹമ്മദ് സിനാൻ (കണ്ണൂര്‍ വാരിയേഴ്‌സ് )
ഗോൾഡൻ ഗ്ലൗ: കമാലുദ്ദീൻ എ.കെ. (തൃശൂർ മാജിക് )
മികച്ച ഫാൻ ഗ്രൂപ്പ്: 1. മലപ്പുറം എഫ്.സി
2. കാലിക്കറ്റ് എഫ്.സി
3. കണ്ണൂർ വാരിയേഴ്സ് എഫ്.സി
ഫെയർ പ്ലേ അവാർഡ്:കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |