
അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി-20 മത്സരത്തിൽ 30 റൺസിന് ജയിച്ച ഇന്ത്യ അഞ്ചുമത്സര പരമ്പര 3-1ന് സ്വന്തമാക്കി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് പര്യവസാനമായി. ടെസ്റ്റ് പരമ്പരയിൽ തോറ്റ ഇന്ത്യ ഏകദിനത്തിലും പരമ്പര നേടിയിരുന്നു.
ഇന്നലെ അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 231 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി 201/8ൽ ഒതുക്കിയാണ് ഇന്ത്യ പരമ്പരവിജയം ആഘോഷിച്ചത്. അർദ്ധസെഞ്ച്വറികൾ നേടിയ തിലക് വർമ്മയും (73) ഹാർദിക് പാണ്ഡ്യയും (63), 37 റൺസ് നേടിയ സഞ്ജു സാംസണും 34 റൺസ് നേടിയ അഭിഷേക് ശർമ്മയും ചേർന്നാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലുവിക്കറ്റ് വീഴ്ത്തി വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറയും ബൗളിംഗിലും തിളങ്ങി.65 റൺസടിച്ച ക്വിന്റൺ ഡി കോക്കിനും 31 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസിനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്.
പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സഞ്ജുവിനും കുൽദീപിന് പകരം വാഷിംഗ്ടൺ സുന്ദറിനും ഇന്ത്യ അവസരം നൽകിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിട്ടുനിന്ന ജസ്പ്രീത് ബുംറ തിരിച്ചെത്തി. ഹർഷിത് റാണയാണ് കഴിഞ്ഞമത്സരത്തിൽ കളിച്ചിരുന്നത്.
34 പന്തുകളിൽ 63 റൺസ് അടിച്ചുകൂട്ടി അഭിഷേക് (34)- സഞ്ജു (37)സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച സഞ്ജു മികച്ച ഷോട്ടുകളിലൂടെ കാണികളുടെ മനം കവർന്നു. പതിവുശൈലിയിൽ കസറിയ അഭിഷേകും ചേർന്നപ്പോൾ അഞ്ചാം ഓവറിൽ ഇന്ത്യ 50 കടന്നു. 21 പന്തുകളിൽ ആറു ഫോറും ഒരു സിക്സും പായിച്ച അഭിഷേകിനെ ആറാം ഓവറിൽ ബോഷിന്റെ ബൗളിംഗിൽ കീപ്പർ ഡികോക്ക് പിടികൂടുകയായിരുന്നു. പകരമിറങ്ങിയ തിലക് വർമ്മയെക്കൂട്ടി സഞ്ജു മുന്നോട്ടുനീങ്ങി. 22 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പറത്തിയ സഞ്ജു പത്താം ഓവറിലെ ആദ്യ പന്തിൽ ലിൻഡെയുടെ ബൗളിംഗിൽ ബൗൾഡായപ്പോൾ ടീം സ്കോർ 97/2 എന്ന നിലയിലായി.
നാലാമനായി കളത്തിലിറങ്ങിയ ക്യാപ്ടൻ സൂര്യകുമാർ യാദവ് (5) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഏഴുപന്തുകൾ നേരിട്ട സൂര്യയെ ബോഷ് മില്ളറുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് തിലക് വർമ്മയും ഹാർദിക്കും ചേർന്ന് 44 പന്തുകളിൽ അടിച്ചുകൂട്ടിയ 105 റൺസാണ് ഇന്ത്യയെ 200 കടത്തിയത്. 25 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്സുമടക്കമായിരുന്നു പാണ്ഡ്യയുടെ പടയോട്ടം.തിലക് 42 പന്തുകളിൽ 10 ഫോറും ഒരു സിക്സും പായിച്ചു.
സഞ്ജുവിന്റെ അടി
അമ്പയറുടെ കാലിൽ
ഒമ്പതാം ഓവറിൽ ഡൊണോവൻ ഫെരേരയ്ക്ക് എതിരെ സഞ്ജു തൊടുത്ത സ്ട്രെയ്റ്റ് ഡ്രൈവ് അമ്പയർ രോഹൻ ണ്ഡിറ്റിന്റെ കാലിലാണ് കൊണ്ടത്. ഫിസിയോയെത്തി അമ്പയർക്ക് അടിയന്തര ശ്രുശ്രൂഷ നൽകി.
പരമ്പരയിൽ ആദ്യമായി ബാറ്റിംഗിനിറങ്ങിയ സഞ്ജു 22 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടിച്ചാണ് 37 റൺസ് നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |