വിഴിഞ്ഞം: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ അടുക്കുന്തോറും,ഓളമില്ലാതെ കോവളം. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവളത്ത് വിദേശികളുടെ വരവ് പുതുവത്സരാഘോഷങ്ങൾക്ക് ശേഷമാണ്. കോവളത്ത് ആഘോഷങ്ങളോ കലാപരിപാടികളോ ഇല്ലാത്തതാണ് കാരണമെന്ന് തീരത്തെ റിസോർട്ട് ഉടമകൾ പറയുന്നു. വിദേശനാടുകളിൽ ക്രിസ്മസിനും പുതുവർഷത്തിനും,വിവിധ പരിപാടികൾ നടത്തുമ്പോൾ കോവളത്ത് വെറും പൂത്തിരിയിൽ ഒതുങ്ങുന്നതാണ് വിദേശികളുടെ പിന്മാറ്റത്തിന് കാരണം. കഴിഞ്ഞമാസംവരെ കോവളത്ത് റഷ്യൻ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു.ഇവർ ആയുർവേദ ചികിത്സാർത്ഥം മാത്രം എത്തുന്നവരാണ്.
ആശ്വാസം പകർന്ന് ഉത്തരേന്ത്യക്കാർ
കോവളത്ത് ഇപ്പോൾ ഉത്തരേന്ത്യൻ സഞ്ചാരികളാണ് കൂടുതൽ.വിദേശികളെക്കാൾ ഉത്തരേന്ത്യക്കാർ എത്തുന്നതാണ് ഇപ്പോൾ കോവളത്തെ ഹോട്ടലുകൾക്ക് ആശ്വാസം. പദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനായെത്തുന്ന ഉത്തരേന്ത്യൻ സഞ്ചാരികൾ തങ്ങുന്നതിനായി കോവളത്തെ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും ഇവരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ശബരിമല സീസണായതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങളും തീരത്തെത്തുന്നുണ്ട്. ഇപ്പോൾ ദിവസവും 500 മുതൽ 1000 ഉത്തരേന്ത്യൻ സഞ്ചാരികൾ വരെ ഇവിടെ എത്തുന്നുണ്ടെന്നും ഇതിൽ 80ശതമാനം പേരും ഹോട്ടലുകളിൽ തങ്ങുന്നുവെന്നുമാണ് ഹോട്ടലുടമകൾ പറയുന്നത്.
വിദേശികളെത്താൻ
പദ്ധതികൾ വേണം
മുൻകാലങ്ങളിൽ ടൂറിസ്റ്റുകൾക്കായി കോവളത്ത് നിരവധി കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത് കാണാൻ വേണ്ടി മാത്രം വിദേശികൾ കോവളത്ത് എത്തിയിരുന്നു. പുതുവത്സരാഘോഷങ്ങൾക്കായി 'ജലതരംഗം' എന്ന പേരിൽ നാടൻ,ഇന്ത്യൻ കലാരൂപങ്ങൾ ഉൾപ്പെട്ട കലാപരിപാടികൾ നടത്തിയിരുന്നു. അതുപോലെ ഗ്രാമക്കാഴ്ചകൾ പുനഃസൃഷ്ടിച്ച് 'ഗ്രാമം' എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇത് വൻ വിജയമായിരുന്നെങ്കിലും നിലച്ചു. ഇപ്പോൾ പുതുവത്സരാഘോഷത്തിന് വർണവിളക്കുകൾ പോലുമില്ലാത്തതിനാൽ വിദേശികൾക്ക് കോവളത്തോട് താല്പര്യമില്ല.
വൃത്തിയില്ലായ്മ പ്രശ്നം
കോവളം തീരത്ത് വൃത്തിയില്ലാത്തത് ടൂറിസത്തെയും വിദേശികളെയും ബാധിക്കുന്നതായി ആക്ഷേപമുണ്ട്. തീരത്ത് നഗരസഭാ ജീവനക്കാർ വൃത്തിയാക്കുന്നുണ്ടെങ്കിലും മലിനജലക്കെട്ടും കടലിൽനിന്ന് തിരയടിച്ച് കയറുന്ന പ്ലാസ്റ്റിക്, മത്സ്യബന്ധന വലകളുടെ അവശിഷ്ടങ്ങളും സൂര്യ സ്നാനത്തിനെത്തുന്ന സഞ്ചാരികൾക്ക് അലോസരമാകുന്നുണ്ട്. തീരത്തെ മലിനജല കുളവും സഞ്ചാരികളെ മൂക്ക് പൊത്തിക്കുകയാണ്.
പരമ്പരാഗത കലാരൂപങ്ങൾ ഉൾപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചാൽ കോവളത്തേക്ക് വിദേശികൾ കൂടുതലായി എത്തും.
സജി,ടൂർ ഓപ്പറേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |