പൊന്നാനി : മൂന്നാമതും ഇടതുപക്ഷ മുന്നണിക്ക് ഭരണത്തിലെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ജനങ്ങൾ. വികസനരംഗത്ത് ഏറെ സാദ്ധ്യതകളുള്ള പൊന്നാനിക്ക് അവ മുഴുവനായും പ്രയോജനപ്പെടുത്താനായിട്ടില്ല. ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം തുടങ്ങിയ മേഖലയിൽ വലിയ സ്വപ്നങ്ങളാണ് പൊന്നാനിക്ക് മുന്നിലുള്ളത്.
ടൂറിസം രംഗത്ത് ഏറെ സാദ്ധ്യതകളുള്ള പൊന്നാനിക്ക് ഇത് കൈവരിക്കാനായിട്ടില്ലെന്ന വിമർശനങ്ങൾ ഏറെയാണ്. പ്രധാനപ്പെട്ട പല പദ്ധതികളും പാതിവഴിയിലാണ്. പൊന്നാനി ബീച്ച് ടൂറിസം പദ്ധതി ഇന്നും പൂർത്തിയായിട്ടില്ല. തകർന്ന പാതകൾ പാതകൾ ടൂറിസം വികസനത്തിന് തടസമാണ്. മതിയായ ഇരിപ്പിടങ്ങളോ തെരുവ് വിളക്കുകളോ ഇവിടെ ഏർപ്പെടുത്താനായിട്ടില്ല. കർമ്മ റോഡിലെ തെരുവ് വിളക്ക് അപര്യാപ്തത, ഇരിപ്പിടങ്ങളുടെ കുറവ് എന്നിവയും പരിഹരിക്കപ്പെടേണ്ടതുണ്ട്. കർമ്മ റോഡിനോട് ചേർന്ന് നിൽക്കുന്ന നിളകലാഗ്രാമം, മറൈൻ മ്യൂസിയം എന്നിവയും പൂർത്തിയാക്കപ്പെട്ടിട്ടില്ല. ഏറെ പ്രതീക്ഷയോടെ ജനങ്ങൾ നോക്കിക്കണ്ടിരുന്ന പദ്ധതികളാണിവ. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പൊന്നാനിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും വിധം മുന്നോട്ടുപോകണമെന്നാണ് പൊതു ആവശ്യം.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും പൊന്നാനിക്ക് ഏറെ മുന്നോട്ടുപോവേണ്ടതുണ്ട്. വീതി കുറഞ്ഞ അങ്ങാടി റോഡിൽ ഇരുവശത്തുമായി നിലനിൽക്കുന്ന പഴകിയ, തകരാറായ കെട്ടിടങ്ങൾ ജനങ്ങൾക്കുണ്ടാക്കുന്ന ഭീതി ചില്ലറയല്ല. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നഗരസഭ ശ്രമം തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും നിയമപ്രശ്നങ്ങൾ തടസമാവുന്നുണ്ട്. മഴക്കാലങ്ങളിൽ ദ്രവിച്ച കെട്ടിടങ്ങൾ പൊളിഞ്ഞു വീഴുന്നത് പതിവാണ്. ഇതുമൂലം റോഡ് വികസനവും നടത്താനാവുന്നില്ല. ഇടുങ്ങിയ പാതകൾ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
പൊന്നാനി പടിഞ്ഞാറേക്കര ജങ്കാർ സർവീസ് നിലച്ചത് ജനങ്ങളുടെ യാത്രാസൗകര്യങ്ങളെ ബാധിക്കുന്നുണ്ട്. തിരൂർ- പൊന്നാനി റൂട്ടിൽ ഇതുണ്ടാക്കുന്ന യാത്രാദുരിതം ചില്ലറയല്ല. വിദ്യാർത്ഥികളും പൊതുജനങ്ങളും ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നു. ജങ്കാർ സർവീസ് പുനഃസ്ഥാപിക്കാൻ നഗരസഭ വലിയ ശ്രമം നടത്തിയിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ യാത്രാനിരക്കിന്റെ കാര്യത്തിൽ സർവീസ് ഏജൻസികളുമായി ധാരണയാവാത്തതും തിരിച്ചടിയായി. ഏറെ ജനങ്ങൾക്ക് ഉപകാരപ്പെട്ടിരുന്ന ജങ്കാർ സർവീസ് പുനഃസ്ഥാപിക്കാനായാൽ ഏത് പ്രയോജനപ്രദമാകും.
കടൽഭിത്തി നിർമ്മാണം എങ്ങുമെത്താത്തത് തീരദേശത്തെ ജനതയെ വലിയ തോതിൽ ദുരിതത്തിലാഴ്ത്തുന്നുണ്ട്. മഴക്കാലത്ത് കടലാക്രമണം മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ ഇടം തേടേണ്ട അവസ്ഥയിലാണ് തീരദേശവാസികൾ . ടെട്രാപാഡ് അടക്കമുള്ള ആധുനിക രീതികൾ അവലംബിച്ച് കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ പദ്ധതികളാവിഷ്കരിച്ചെങ്കിലും എങ്ങുമെത്തിയില്ല. ഇക്കാര്യത്തിൽ തീരദേശമേഖലയിൽ വലിയ എതിർപ്പുണ്ട്. ഇടതുമുന്നണിയെ അകമഴിഞ്ഞു പിന്തുണച്ചിരുന്ന തീരദേശമേഖലയിൽ തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ചെറിയ വിള്ളലുണ്ടായിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടികളാണ് തീരദേശവാസികൾ ആഗ്രഹിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |