
ബെത്ലഹേമിനു മുകളിൽ ആ ദിവ്യതാരം ഉദിച്ചുയരുന്നതിനും എത്രയോ മുൻപേ, ബൈബിളിലെ പഴയനിയമ പ്രവാചകന്മാരിലൂടെ, നമ്മുടെ വ്യസനങ്ങളെ ചുമക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് യെശയ്യാവ് സംസാരിച്ചു. യിരെമ്യാവ് ആകട്ടെ, വരാനിരിക്കുന്ന ഒരു 'ശാശ്വത സ്നേഹത്തെ"ക്കുറിച്ച് പ്രവചിച്ചു. ഈ ലോകത്തിന് ദൈവം അയച്ച 'സ്നേഹസന്ദേശങ്ങൾ" ആയിരുന്നു ആ പ്രവചനങ്ങൾ. അവ പ്രവചനങ്ങൾ മാത്രമായിരുന്നില്ല; മറിച്ച് സ്രഷ്ടാവ് തന്റെ സൃഷ്ടിയെ ഒരിക്കലും ഉപേക്ഷിക്കില്ല എന്നതിന്റെ ദിവ്യമായ ഉറപ്പു കൂടിയായിരുന്നു.
മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ നിരുപാധിക സ്നേഹത്തിന്റെ ബഹിർസ്ഫുരണമാണ് ക്രിസ്തുവിന്റെ ജനനം. പഴയ നിയമത്തിൽ പ്രവാചകന്മാരിലൂടെ നല്കപ്പെട്ട വാഗ്ദാനങ്ങളുടെ പൂർത്തീകരണമായിരുന്നു അത്. യെശയ്യാ പ്രവാചകൻ മുൻകൂട്ടി ദർശിച്ച 'സമാധാന പ്രഭു" ലോകത്തിന്റെ പാപഭാരങ്ങൾ ഏറ്റെടുക്കാൻ എളിയവനായി ഭൂമിയിൽ അവതരിച്ചു. സ്വർഗീയ സിംഹാസനം വെടിഞ്ഞ് താഴ്മയുടെ രൂപം പൂണ്ട ആ സ്നേഹം, ദൈവത്തിന് മനുഷ്യനോടുള്ള കരുണയുടെ അടയാളമായിരുന്നു.
സങ്കീർണമായ പ്രത്യയശാസ്ത്ര ഭാരമില്ലാതെ, സാധാരണക്കാരായ മീൻപിടിത്തക്കാരെ തന്റെ ശിഷ്യന്മാരായി തിരഞ്ഞെടുത്തതിലൂടെ അദ്ധ്വാനത്തിന്റെ മഹത്വത്തെ അദ്ദേഹം ഉയർത്തിക്കാട്ടി. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടും, ചുങ്കം പിരിവുകാരനായ സക്കേവൂസിനോടും അദ്ദേഹം കാട്ടിയ ക്ഷമ, 'പാപിയെയല്ല; പാപത്തെയാണ് വെറുക്കേണ്ടതെ"ന്ന പാഠം നൽകി. അശുദ്ധമെന്നു കരുതി സമൂഹം അകറ്റിനിറുത്തിയ കുഷ്ഠരോഗികളെ തൊട്ടു സൗഖ്യമാക്കിയതിലൂടെ സ്നേഹത്തിന് അതിർവരമ്പുകളില്ലെന്ന് അദ്ദേഹം തെളിയിച്ചു.
യേശുവിന്റെ ജീവിതത്തിലെ സ്ത്രീരൂപങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം സ്നേഹത്തിന്റെ വിവിധ തലങ്ങളെ വെളിപ്പെടുത്തുന്നു. അമ്മയായ മറിയത്തോടുള്ള സ്നേഹം പവിത്രമായിരുന്നു. കുരിശിലെ അതിവേദനയുടെ നിമിഷങ്ങളിൽപ്പോലും സഹോദരതുല്യനായ ശിഷ്യൻ യോഹന്നാന്റെ കൈകളിൽ 'ഇതാ നിന്റെ അമ്മ" എന്ന് ഭാരമേല്പിച്ച് അമ്മയോടുള്ള പരിധികളില്ലാത്ത കടമ യേശു നിറവേറ്റി.
അപഥസഞ്ചാരിണി എന്ന് സമൂഹം മുദ്രകുത്തിയ മഗ്ദലനയിലെ മറിയത്തെ തന്റെ അചഞ്ചലമായ സ്നേഹത്തിലൂടെ അദ്ദേഹം വിമോചിപ്പിച്ചു. അവളെ കല്ലെറിയാൻ ഉയർത്തിയ കൈകളെ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന ഉഗ്രശാസനയിലൂടെ താഴ്ത്തി. ബെഥാന്യയിലെ ലാസറും സഹോദരിമാരായ മാർത്തയും മറിയവുമായി യേശുവിന് സവിശേഷമായ ഒരു സ്നേഹബന്ധമുണ്ടായിരുന്നു. ഒരു സുഹൃത്തായും വഴികാട്ടിയായും അദ്ദേഹം അവരോടൊപ്പം നിന്നു. ലാസർ അകാലമൃത്യുവടഞ്ഞ ശേഷം, ആ മൃതദേഹം സംസരിക്കാതെ പ്രത്യാശാനിർഭരമായി യേശുവിനെ കാത്തിരുന്നു. മരിച്ച് നാലുദിവസം കഴിഞ്ഞെത്തിയ യേശു ലാസറിനെ ഉയർപ്പിച്ചത് ആ നിരുപമ സ്നേഹം കാരണമായിരുന്നു.
ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തിൽ, ഒരു വിധവയുടെ കഥയുണ്ട്. നയിൻ പട്ടണത്തിൽ, ഏക മകന്റെ മരണത്തോടെ തികച്ചും ഒറ്റപ്പെട്ട ആ വിധവയുടെ നിസഹായവസ്ഥ കണ്ട് കരുണ തോന്നിയ യേശു ആ മകനെ അത്ഭുതകരമായി ഉയിർപ്പിക്കുന്നു. മരണത്തിന്മേലുള്ള യേശുവിന്റെ അധികാരത്തെയും, അഗാധമായ സങ്കടത്തിൽ കഴിയുന്നവർക്ക് അവൻ നൽകുന്ന പ്രത്യാശയെയും അനുകമ്പയെയുമാണ് ഈ വിവരണം അർത്ഥമാക്കുന്നത്.
ഉയിർപ്പിനു ശേഷം ക്രിസ്തു ആദ്യമായി പ്രത്യക്ഷപ്പെട്ടത് മഗ്ദലനക്കാരി മറിയത്തിനാണ്. അവൾ കല്ലറവാതില്ക്കൽ കരഞ്ഞു നിൽക്കുമ്പോൾ യേശു അവളെ പേരുചൊല്ലി വിളിക്കുകയായിരുന്നു. മത്തായിയുടെ സുവിശേഷത്തിൽ, മഗ്ദലക്കാരി മറിയയും 'മറ്റൊരു മറിയയും" ചേർന്ന് ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ട് ആരാധിച്ചു. യോഹന്ന, ശലോമി തുടങ്ങിയ മറ്റ് സ്ത്രീകളും ഉയിർപ്പിന്റെ ആദ്യ സന്ദേശം മാലാഖമാരിൽ നിന്ന് സ്വീകരിച്ചു. യേശുവിനോട് അചഞ്ചലമായ വിശ്വസ്തത പുലർത്തുകയും മരണശേഷവും അവന്റെ കല്ലറയ്ക്കൽ എത്തിച്ചേരുകയും ചെയ്ത ഈ സ്ത്രീകൾ, ഉയിർപ്പിന്റെ ആദ്യ സാക്ഷികളും ലോകത്തോട് ആ സന്തോഷവാർത്ത അറിയിച്ച ആദ്യ പ്രഘോഷകരുമായി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |