
ഞാൻ ജനിച്ചുവളർന്ന കാഞ്ഞിരപ്പള്ളിയിലെ പാറത്തോട് എന്ന മലയോര പ്രദേശം. ഒരു കുന്നിന്റെ മാർ പറ്റി മയങ്ങുന്ന എന്റെ ഗ്രാമവസതി. ചുറ്റിനും ഇടതൂർന്ന് നിലകൊള്ളുന്ന റബർ മരക്കാടുകൾ. ഡിസംബറിൽ മാത്രം തലനീട്ടുന്ന പേരറിയാത്ത ചില കാട്ടുപൂക്കൾ. പൊന്തകളിൽ പൂത്തു മറിഞ്ഞുകിടക്കുന്ന കൊങ്ങിണിപ്പടർപ്പുകൾ. അവയിൽ തേനുണ്ണാനെത്തുന്ന ഗ്രാമീണരായ പൂമ്പാറ്റകൾ...
രാവുകളിലെ വിസ്തൃത നീലാകാശം. അതിന്മേൽ മിന്നിനിൽക്കുന്ന നക്ഷത്രജാലം. നടുക്ക് നിറചന്ദ്രൻ. ഭൂതലമെങ്ങും പരന്നൊഴുകിക്കിടക്കുന്ന വെണ്ണിലാവ്. മഞ്ഞിൽ കുളിച്ചുനിൽക്കുന്ന പ്രാചീനമായ കരിങ്കൽ ദേവാലയം. രാവിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മലകയറി വരുന്ന തമ്പേർ ഗായകർ. അടുക്കളയിൽ നിന്നുതിരുന്ന നറുഗന്ധങ്ങൾ. മേടുകളിലെങ്ങും വീശിയടിക്കുന്ന കെങ്കേമൻ വൃശ്ചികക്കാറ്റ്...
ശൈശവത്തിലെ ആ ദിനങ്ങൾ ഇന്ന് അതിവിദൂരമായി അനുഭവപ്പെടുന്നു. സെപ്പിയ ഇമേജുകൾ പോൽ പൗരാണികമായ ദൃശ്യങ്ങൾ. ഒക്കെയും മറ്റേതോ ജന്മത്തിലെ പുരാവൃത്ത സ്മൃതികളായി പരിണമിച്ചിരിക്കുന്നു.
ഇന്ന് ക്രിസ്മസിനെ ഓർക്കുമ്പോൾ മനസിൽ വരുന്നത് കൊച്ചു പൂങ്കൊടിയുടെ മുഖമാണ്. പോയ വർഷത്തെ തിരുപ്പിറവി ദിനത്തിലാണ് ഞാൻ അവളെ കണ്ടുമുട്ടിയത്. പൂങ്കൊടി ഇരുണ്ടു മിനുത്ത ഒരു ആറുവയസുകാരിയാണ്. തിളങ്ങുന്ന, വിടർന്ന കൺകളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയുമൊക്കെയായി ആൾ ഒരു ചിന്ന അഴകി തന്നെ!
ഞാൻ കാണുമ്പോൾ അവൾ ക്രിസ്മസ് അലങ്കാരങ്ങളുടെ നടുക്കാണ്. ചുവപ്പും വെള്ളയും വരകളുള്ള മേശവിരി നീർത്തിയിട്ട് അതിനു മേൽ പല നിറത്തിലുള്ള മെഴുകുതിരികൾ തെളിച്ചിരിക്കുന്നു. ചുവന്ന റോസാപ്പൂവുകൾ ഒരു പൂപ്പാലികയിൽ വിടർന്നുനിൽക്കുന്നു. പൂങ്കൊടി, വാടാമുല്ലയുടെ നിറമുള്ള പട്ടുപാവാടയും ബ്ളൗസും അണിഞ്ഞിരിക്കുന്നു. കഴുത്തിൽ അതേ നിറമുള്ള പാശിമാല. കൈനിറയെ കിലുങ്ങുന്ന കുപ്പിവളകൾ. നെറ്റിമേൽ ചാർത്തിയ തിളങ്ങുന്ന വർണ്ണപ്പൊട്ടിനു പുറമേ കരിങ്കണ്ണ് തട്ടാതിരിക്കാൻ മുത്തശ്ശി അവളുടെ കവിളിൽ കറുകറുത്തൊരു പൊട്ടും തൊട്ടിരുന്നു.
തമിഴകത്തെ ചെന്നൈ നഗരം. ബസന്ത് നഗറിലെ ഒരു റെസ്റ്റോറന്റാണ് പശ്ചാത്തലം. പൂങ്കൊടിക്കൊപ്പം അപ്പാവും അമ്മാവും അണ്ണൻ മുത്തുകൃഷ്ണനും എത്തിയിട്ടുണ്ട്. നന്നേ ദരിദ്രർ. എങ്കിലും പള്ളിയിൽ നിന്നും സമ്മാനമായി കിട്ടിയ പുതുവസ്ത്രങ്ങളണിഞ്ഞ് മോടിയായിത്തന്നെ അവരെത്തിയിരിക്കുന്നു. നമ്മുടെ പെൺകുഞ്ഞ് ഒരു ക്യാൻസർ രോഗിയാണ്. ചികിത്സിച്ച് സുഖപ്പെടുത്താനാവാത്ത തരം ബ്ളഡ് ക്യാൻസർ ആ കൊച്ചുശരീരത്തെ തളർത്തിയിരിക്കുന്നു. ഏതാനും മാസങ്ങൾകൂടി മാത്രമാണ് ഡോക്ടർമാർ അവൾക്ക് ആയുസ് പ്രവചിച്ചിരിക്കുന്നത്.
ഫാദർ ആൻതണിയാണ് ഇതിനു പിന്നിൽ. (എന്റെ ചിദംബരം സഹപാഠി). ചേരി നിവാസികൾക്കിടയിൽ ആതുര സേവനം നടത്തുകയാണ് ആൻതണിയുടെ നിയോഗം. കൂട്ടിന് ഉത്സാഹികളായ ചെറുപ്പക്കാരുടെ ഒരു സംഘവുമുണ്ട്. പൂങ്കൊടിയുടെ രോഗ വിവരമറിഞ്ഞ് അവർ കൂടക്കൂടെ അവളുടെ വീട് സന്ദർശിക്കാറുണ്ട്. 'കുഞ്ഞിന് എന്താണ് ക്രിസ്മസ് സമ്മാനമായി വേണ്ടത്?" ഫാദർ ചോദിക്കുന്നു. തെല്ലുനേരം ആലോചിച്ചിട്ടായിരുന്നു പ്രതികരണം.
' എനിക്ക് മുറ്റത്ത് ക്രിസ്മസ് മരം വേണം. നിറയെ ചുവന്ന ബൾബുകൾ കത്തണം. പിന്നെ പുൽക്കൂട്. അതിനുള്ളിൽ കുഴന്തൈ യേശു. എല്ലാരും പാട്ടുപാടണം. നൃത്തം ചെയ്യണം. പൂക്കൾ പതിപ്പിച്ച മധുരമുള്ള കേക്ക്..."
അവളുടെ ഒറ്റമുറി വീട്ടിൽ സ്ഥല സൗകര്യം തീരെയില്ല. അവർ വസിക്കുന്ന ചേരിയിലാണെങ്കിൽ തിങ്ങിനിറഞ്ഞ് കുടിലുകൾ. ആ ജനക്കൂട്ടത്തിനിടയിൽവച്ച് അവൾ ആശിക്കുന്നതുപോലെെ ഒരാഘോഷം അസാദ്ധ്യം.
അവൾ ഏവരുടെയും ഓമനയായിരുന്നു. ആ കൊച്ചുഹൃദയം ആശിച്ചതല്ലേ; നടത്തിക്കൊടുത്തേ പറ്റൂ. സമരിറ്റൻസിൽ ഒരാളായ ഫ്രെഡി ഒരാശയം മുന്നോട്ടുവച്ചു. ബസന്ത് നഗറിലെ അയാളുടെ റസ്റ്റോറന്റിൽ ക്രിസ്മസ് രാവിൽ പതിവുപോലെ പാർട്ടിയുണ്ട്. വർണ്ണവിളക്കുകളാൽ അലംകൃതമായ ക്രിസ്മസ് ട്രീ, അതിമനോഹരമായി സജ്ജീകരിച്ച ഉൾത്തളം, ക്രിബ്... എല്ലാമുണ്ട്. അങ്ങനെയാണ് പൂങ്കൊടിയും അച്ഛനമ്മമാരും അവിടെ എത്തിയത്.
ഫ്രെഡിയുടെ സഹായികൾ ആ മേശയ്ക്കുചുറ്റും ചുവടുവച്ചു. ഗായകൻ ക്രിസ്മസ് ഗാനം ആലപിച്ചു. വിറയ്ക്കുന്ന കൊച്ചു കൈവിരലുകളാൽ അവൾ റോസാപ്പൂക്കൾ പതിച്ച കേക്ക് മുറിച്ച് ചുറ്റുമുള്ളവർക്കു നീട്ടി. കരഘോഷങ്ങൾ അവളെ സന്തോഷിപ്പിച്ചു. അമ്മയുടെ കൈയും പിടിച്ച് കുട്ടി അവിടെങ്ങും ചുറ്റിക്കണ്ടു. ഉണ്ണിയേശുവിനെ തൊട്ടു തലോടി. മധുരപലഹാരങ്ങൾ മതിവരുവോളം നുകർന്നു. പാദങ്ങൾ തളരുവോളം നൃത്തം ചെയ്തു.
ഫാദറിനൊപ്പം മടങ്ങിപ്പോകുമ്പോൾ കാർ നിറച്ചും ഉപഹാരമായി കിട്ടിയ വർണ്ണ ബലൂണുകൾ, പാവക്കുട്ടികൾ... ആ മുഖം ആഹ്ളാദത്താൽ പ്രകാശിക്കുന്നത് ഒന്നു കാണേണ്ടതായിരുന്നു. വിസ്മയത്താൽ തിളങ്ങുന്ന രണ്ട് നക്ഷത്രക്കൺകൾ. അവളുടെ ആദ്യത്തെയും അവസാനത്തെയും ക്രിസ്മസ്! ഏതാണ്ട് അഞ്ചുമാസങ്ങൾക്കുശേഷം ഈ ഭൂമിയിലെ ഹ്രസ്വമായ വാസം മതിയാക്കി അവൾ മടങ്ങിപ്പോയി. തങ്ങളുടെ കുഞ്ഞോമന ജീവിതത്തിൽ ഒരിക്കലും ഇത്രമേൽ ആഹ്ളാദിച്ചിട്ടില്ലെന്ന് പിന്നീട് നിറകണ്ണുകളോടെ ആ അച്ഛനമ്മമാർ ആൻതണിയോടു പറഞ്ഞു. അവസാന നാൾവരെ ആ കളിപ്പാട്ടങ്ങൾ അവൾ ചേർത്തുപിടിച്ചിരുന്നത്രേ!
തിരുപ്പിറവിയുടെ നാളുകളിൽ എണ്ണമറ്റ സന്ദേശങ്ങളും ഗഹനമായ ആത്മീയ ദർശനങ്ങളും നമ്മൾ കേൾക്കാറുണ്ട്. പക്ഷേ ലാളിത്യമാർന്ന ഇത്തരം ആർദ്ര സ്പർശങ്ങളാണ് എന്റെ ഹൃദയത്തെ തൊടുന്നത്. കാരണം യേശു സ്നേഹമാണല്ലോ. സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കുവാനും പരിത്യക്തരെ തന്റെ വക്ഷസോട് ചേർത്തുപിടിക്കാനുമാണല്ലോ രക്ഷകൻ മനുഷ്യനായി അവതരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |