കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് ബസ് കയറണമെങ്കിൽ ഇപ്പോഴും മഴയും വെയിലും കൊള്ളേണ്ട സ്ഥിതിയാണ്. ഇന്നും വരും നാളെ വരുമെന്ന് പറഞ്ഞ് 16 കൊല്ലം മുൻപ് തറക്കല്ലിട്ട മെഡി. കോളജ് ബസ്സ്റ്റാൻഡ് നിർമാണം ഇന്നും കടലാസിലുറങ്ങുമ്പോൾ ദുരിതത്തിലാകുന്നത് പാവപ്പെട്ട രോഗികളടക്കുള്ള യാത്രക്കാരാണ്. അഞ്ച് ലക്ഷം ചതുരശ്ര അടിയുള്ള ബസ് ടെർമിനൽ നിർമ്മിക്കാനായി 2024 നവംബറിൽ കരാർ കമ്പനിയായ മിൻഫ്ര സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അപേക്ഷ നൽകിയിരുന്നെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കോർപറേഷൻ അധികൃതർ പദ്ധതി പിന്നേയും നീട്ടി. കോർപറേഷന് പിന്നീട് അനുമതി നൽകിയെങ്കിലും തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസിലെത്തിയ പ്ലാൻ ഇനിയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടില്ല. വരുന്ന ഭരണ സമിതി അനുമതിക്കായി ശ്രമിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ
മെഡിക്കൽ കോളേജ് - മാവൂർ റോഡിന് സമീപത്താണ് ടെർമിനലിനായി 2.64 ഏക്കർ സ്ഥലം കണ്ടെത്തിയത്. 2009 ൽ ബി.ഒ.ടി അടിസ്ഥാനത്തിൽ ബസ് ടെർമിനൽ നിർമാണത്തിന്അന്നത്തെ മന്ത്രി പാലോളി മുഹമ്മദുകുട്ടി തറക്കല്ലിടുകയും ചെയ്തു. എന്നാൽ ഭൂമി സംബന്ധമായ നിയമ പ്രശ്നങ്ങളെ തുടർന്ന് 2011ൽ വിജിലൻസ് കേസ് ഫയൽ ചെയ്തതോടെ നിർമ്മാണം നിലച്ചു. 2023ൽ കേസ് തള്ളിപ്പോയതോടെയാണ് മിൻഫ്ര സ്ട്രക്ചേഴ്സ് കോർപ്പറേഷനിൽ പുതിയ പ്ലാനിന് അപേക്ഷ നൽകിയത്. എന്നാൽ രേഖകളുടെ പരിശോധന നടത്തുകയാണെന്ന ന്യായങ്ങൾ നിരത്തി കോർപ്പറേഷൻ പദ്ധതി പിന്നേയും നീട്ടി. മാസങ്ങൾക്ക് മുൻപ് കോർപറേഷൻ പ്ലാനിംഗിന് അനുമതി നൽകുകയും ചെയ്തതോടെയാണ് നിർമാണ നടപടി സജീവമായത്. തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസിലെത്തിയ പ്ളാൻ ഇനി മുഖ്യമന്ത്രി കണ്ട് അനുമതി നൽകിയാൽ പ്രവൃത്തി ആരംഭിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാരന്തൂർ റോഡ് വികസിക്കുകയും പൊലീസ് സ്‌റ്റേഷൻ നിൽക്കുന്ന സ്ഥലം മാറാനും സാധ്യതയുണ്ട്. മെഡിക്കൽ കോളജിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് വരാൻ ഭൂഗർഭപാത നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
വലഞ്ഞ് യാത്രക്കാർ
ടെർമിനൽ നവീകരണമെന്ന പേരിൽ മെഡിക്കൽ കോളേജിൽ നിന്ന് മാവൂർ ഭാഗത്തേക്ക് പോകുന്നിടത്തെ ബസ് കാത്തിരിപ്പുകേന്ദ്രം രണ്ടുവർഷം മുമ്പ് കോർപ്പറേഷൻ പൊളിച്ചതും യാത്രക്കാർക്ക് ഇരട്ടി ദുരിതമാണ് സമ്മാനിച്ചത്. ഇതോടെ പൊരി വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ബസ് കാത്തുനിൽക്കേണ്ട അവസ്ഥയായി. ഈ ഭാഗത്ത് ആംബുലൻസുകളും നിറുത്തിയിടുന്നതിനാൽ ബസ് കയറാൻ റോഡിലിറങ്ങേണ്ട സ്ഥിതിയാണ്. സ്റ്റോപ്പില്ലാത്തതിനാൽ ഫുട്ട്പാത്തിലാണ് ബസ് കാത്തുനിൽക്കുന്നത്. ഇത് അപകടങ്ങൾക്കും വഴിയൊരുക്കുന്നു. നിലവിൽ സ്ഥലം കാടുമൂടിക്കിടക്കുകയാണ്.
പദ്ധതി ഇങ്ങനെ
5 ലക്ഷം ചതുരശ്ര അടിയിൽ 8 നിലയിലായി കെട്ടിടം
നാലാം നിലയിൽ ബസ് സ്റ്റാൻഡ് സമുച്ഛയം
രണ്ടാം നിലയിൽ വ്യാപാരസമുച്ചയങ്ങളും തിയറ്ററുകളും
കാർ, ഇരുചക്രവാഹന പാർക്കിംഗ് സൗകര്യം
''ബസ് സ്റ്റാൻഡ് നിർമ്മാണം വേഗത്തിലാക്കാൻ പുതിയ ഭരണ സമിതി ഇടപെടുമെന്ന് കരുതുന്നു'' ടി.കെ.അസീസ്, പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |