നെടുമങ്ങാട്: മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ 17കാരനെ ഫയർഫോഴ്സും പൊലീസും അനുനയിപ്പിച്ച് രക്ഷപ്പെടുത്തി.കല്ലമ്പാറ ബഥനിക്ക് സമീപം ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം.അടിവസ്ത്രം മാത്രം ധരിച്ച് കിള്ളിയാറിന്റെ കരയിലുള്ള മരത്തിന് മുകളിൽ കയറി,ബഹളം കൂട്ടിയ യുവാവിനെ നാട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് ഫയർഫോഴ്സ് ടീം,ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.തുടർന്ന് നെടുമങ്ങാട് പൊലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.
പാലോട് ഒഴുകുപാറ സ്വദേശിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.ഇയാളെ രണ്ടുദിവസമായി കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ,ഇന്നലെ രാവിലെ പാലോട് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച് നെടുമങ്ങാട് ഭാഗത്തുള്ളതായി പൊലീസ് സ്ഥിരീകരിക്കുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയിലാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കി നെടുമങ്ങാട് പൊലീസിന്റെ കസ്റ്റഡിയിലായത്.
അയൽവാസിയുടെ ബൈക്കുമായാണ് നെടുമങ്ങാടെത്തിയത്. യുവാവിന് മാനസിക അസ്വാസ്ഥ്യമുള്ളതായി നെടുമങ്ങാട് പൊലീസ് സൂചിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |