നവീകരണത്തിന് ചെലവഴിച്ചത് 30 ലക്ഷം
സാഹിത്യ നഗരമായ കോഴിക്കോട്ട് കലാ, സാംസ്കാരിക പരിപാടികൾ നടക്കുന്ന പ്രധാന ഇടമാണ് ടൗൺഹാൾ. ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ചിട്ടും മഴ പെയ്താൽ ചോരും. നാടകം അവതരിപ്പിക്കുമ്പോൾ രംഗസജ്ജീകരണം നടത്താനും പരിമിതികളുണ്ട്. സദസിൽ കസേരകളുടെ എണ്ണം കുറച്ചു. ടൗൺഹാളിൽ പല പ്രമുഖരുടെയും ഫോട്ടോകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. പുതിയ കോർപ്പറേഷൻ കൗൺസിലും മേയറുമൊക്കെ ഇക്കാര്യങ്ങൾ പരിഗണിക്കുമോ എന്നാണ് ജനങ്ങളും സാംസ്കാരിക പ്രവർത്തകരും ഉറ്റുനോക്കുന്നത്.
ടൗൺഹാൾ നവീകരണത്തിന് ലക്ഷങ്ങൾ ചെലവഴിച്ചതിൽ സുതാര്യതയില്ലെന്നാണ് കലാസാംസ്കകാരിക സൗഹൃദ വേദി പ്രവർത്തകരുടെ ആക്ഷേപം. ഇലക്ട്രിക് മെയിന്റനൻസിന് അഞ്ച് ലക്ഷമായി. പുതുതായി വയറിംഗ് ചെയ്യാൻ പോലും ഇത്രയുമാവില്ല. മുറ്റത്ത് എന്ത് ഇൻ്റർലോക്ക് വർക്കാണ് നടന്നത്? 280 കസേരകളുണ്ടായിരുന്നത് 180 ആക്കി. അവയ്ക്ക് ഗുണവുമില്ല. കസേരകളുടെ വരികൾ തമ്മിൽ അകലക്കുറവുമുണ്ട്. സ്റ്റേജിൽ നേരത്തേയുള്ള പലകയിൽ പാച്ച് വർക്ക് നടത്തി കാർപ്പറ്റ് വിരിക്കാൻ എത്ര ചെലവ് വരുമെന്ന് സാംസ്കാരിക പ്രവർത്തകർ ചോദിക്കുന്നു. സ്റ്റേജിൽ മുൻപുണ്ടായിരുന്ന സൈഡ് ഫ്രെയിമിൽ അരയിഞ്ച് പലകയടിച്ച് വാർണീഷ് പൂശിയതാണെന്നും ഗ്രീൻ റൂമിലും ബാത്ത് റൂമിലും കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും പ്രവർത്തകർ പറഞ്ഞു.
ഇങ്ങനെയൊക്കെ ചെയ്യാമോ?
പ്രശസ്ത നാടകനടനും സംവിധായകനുമായ സന്തോഷ് കീഴാറ്റൂർ ടൗൺഹാളിന്റെ പരിമിതിയെ പറ്റി മുൻ മേയർക്കെഴുതിയ തുറന്ന കത്തിൽ പറഞ്ഞത്: നാടകവും മറ്റും ഒരു സംഘകലയാണ്. അവയ്ക്ക് നല്ല സ്റ്റേജ് വേണം. എന്തിനാണ് സ്റ്റേജിനു പിന്നിൽ പാനലിംഗ് നടത്തി പണം നഷ്ടപ്പെടുത്തിയത്? പ്രൊസീനിയം സ്‌റ്റേജിൻ്റെ ഭംഗി കറുപ്പോ, നീലയോ നിറത്തിലുള്ള സെെഡ് വിംഗ്സാണ്. അവിടെയാണ് തിളങ്ങുന്ന മരത്തിൻ്റെ ഡിസെെനുള്ള മൈക്ക ഒട്ടിച്ചത്. നല്ല വൃത്തിയും വെടിപ്പും നല്ല ഇരിപ്പിടവും നല്ല ശബ്ദ, ദീപ സംവിധാനങ്ങളും ഒരുക്കുകയാണ് വേണ്ടിയിരുന്നത്. നല്ല സൗകര്യമുള്ള മേക്കപ്പ് മുറിയെ മുറിച്ച് ഒരു ഭാഗം സ്റ്റോർ റൂമാക്കി. പുറം മോടി കൂട്ടുമ്പോൾ കുറയുന്നത് അകത്തെ സൗന്ദര്യമാണ്. ഇങ്ങനെ ചെയ്യാമോ?
സാംസ്കാരിക ഇടങ്ങളോടുള്ള അവഗണനക്കെതിരെ പുതിയ മേയർക്കും കത്ത് നൽകും.
സന്തോഷ് പാലക്കട, സാംസ്കാരിക പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |