
ശിവഗിരി : പാശ്ചാത്യ രാജ്യങ്ങളിൽ ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനങ്ങളിലൂടെ ഗുരുദർശനം ലോകവ്യാപകമായി പ്രചരിപ്പിക്കാൻ കഴിഞ്ഞെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷററും ,കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറിയുമായ സ്വാമി വിശാലാനന്ദ പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടന കാലത്തിന്റെ ഏഴാം ദിനമായ ഇന്നലെ ശിവഗിരിയിൽ നടന്ന ഗുരുധർമ്മപ്രബോധനം: ഗുരുദർശനത്തിന്റെ ആഗോള പ്രസക്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരു ദർശനത്തിന്റെ പ്രസക്തി ലോകത്താകമാനം പഠനവിഷയമാകുന്ന കാലഘട്ടമാണിത്. മനുഷ്യന് മനുഷ്യത്വമെന്ന ജാതിയാണ് വേണ്ടതെന്ന് ഗുരുദേവൻ നമ്മെ പഠിപ്പിച്ചു. മാനവികതക്ക് ഗുരുദേവൻ നൽകിയ പ്രാധാന്യം ഇന്ന് ലോകം തിരിച്ചറിയുന്നുവെന്നും സ്വാമി വിശാലാനന്ദ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആമുഖപ്രഭാഷണം നടത്തി.
കേരള കൗമുദി സ്പെഷ്യൽ പ്രോജക്സ് എഡിറ്റർ മഞ്ചു വെള്ളായണി , ഡോ.ബി.ഭുവനേന്ദ്രൻ, ഡോ.ടി.സനൽകുമാർ, ഷാൽ മോഹൻ, ഗിരീഷ് ഉണ്ണികൃഷ്‍ണൻ, ഡോ.ഗീത അനിയൻ എന്നിവർ പ്രഭാഷണം നടത്തി. ഗുരുധർമ്മപ്രചരണസഭാ രജിസ്ട്രാർ കെ.ടി.സുകുമാരൻ സ്വാഗതവും കൊല്ലം ജില്ലാ സെക്രട്ടറി എസ്.ഷാജികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുദേവ കൃതികൾക്കും ഗുരുദേവശിഷ്യന്മാരായ കുമാരനാശാൻ,സരസകവി മൂലൂർ,സഹോദരൻ അയ്യപ്പൻ,പണ്ഡിറ്റ് കറുപ്പൻ,സന്യാസിശിഷ്യന്മാർ തുടങ്ങിയരുടെയും കവിതകൾക്ക് മുഖ്യത നൽകിയുള്ള അക്ഷരശ്ലോക സദസ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്നു.
ഫോട്ടോ: ശിവഗിരിയിൽ നടന്ന ഗുരുധർമ്മപ്രബോധനം: ഗുരുദർശനത്തിന്റെ ആഗോള പ്രസക്തി സമ്മേളനം കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |