
കോട്ടയം : ക്രിസ്മസ് - പുതുവർഷം അടുക്കവേ ജില്ലയിലെ ടൂറിസം മേഖല ആഘോഷത്തിമിർപ്പിലേക്ക് കടക്കുകയാണ്. ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഹൗസ് ഫുൾ. തണുപ്പ് തുടങ്ങിയതോടെ വാഗമണ്ണിൽ റൂമുകൾ കിട്ടാനില്ല. കുമരകത്തും പരിസരത്തും സഞ്ചാരികൾ നിറഞ്ഞു. ഹൗസ് ബോട്ടിൽ യാത്ര ചെയ്തും റിസോർട്ടുകളിലും ഹോംസ്റ്റേകളിലും രാത്രി ചെലവഴിച്ചും അടിച്ചുപൊളിക്കാനാണ് പലരും എത്തുന്നത്. ഉത്തരേന്ത്യക്കാരും ഉദ്യോഗസ്ഥരും ടെക്കികളും സന്ദർശകരായുണ്ട്. വാഗമണ്ണിൽ വന്നുപോകുന്ന സഞ്ചാരികളാണ് ഇപ്പോൾ അധികവും. ക്രിസ്മസ് കഴിഞ്ഞ് ന്യൂഇയർ വരെയുള്ള ദിവസങ്ങളിലാണ് ഹോട്ടൽ മുറികളിലും ഹോംസ്റ്റേകളിലും തിരക്ക് വർദ്ധിക്കുന്നത്. മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സഞ്ചാരികൾ നിറഞ്ഞതോടെയാണ് റൂമുകൾ തേടി വാഗമണ്ണിലേയ്ക്ക് ചേക്കേറുന്നത്. മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, വിവിധ വ്യൂ പോയിന്റുകൾ, തേയിലത്തോട്ടങ്ങൾ, അഡ്വഞ്ചർ പാർക്ക്, സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം തിരക്കാണ്. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളും ധാരാളമുണ്ട്. ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലും തിരക്കാണ്.
പുതുവർഷവും പൊളിക്കും
ന്യൂ ഇയറിനും ബുക്കിംഗ് തീരാറായി. ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിലേക്ക് പോകുംവിധമാണ് പാക്കേജ്. മൊട്ടക്കുന്നുകളും അഡ്വഞ്ചർ പാർക്കുമാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ഏജൻസികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ റിസോർട്ടുകളും ഹൗസ് ഫുള്ളാണ്. വെടിക്കെട്ടും പാപ്പാഞ്ഞിയെ കത്തിക്കലും ഉൾപ്പെടെ വിവിധ പരിപാടികളാണ് റിസോർട്ടുകൾ പുതുവർഷത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
അനുകൂല ഘടകങ്ങൾ
ശബരിമലയിൽ ഭക്തർ കൂടിയതും ഗുണകരം
വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നു
ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കു തുടരുന്നു
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് കൂടുതൽ ആളുകൾ
മധുവിധു ആഘോഷിക്കാൻ ഉത്തേരന്ത്യക്കാർ
'ബുക്കിംഗ് ഇത്തവണ കൂടുതലാണ്. പുതുവത്സരം വരെ പലയിടങ്ങളിലും റൂം കിട്ടാനില്ല. കാലാവസ്ഥയും അനുകൂലമാണ്.
ടൂറിസം സംരഭകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |